നഗരമധ്യത്തില്‍ ബഹളം വച്ചപ്പോള്‍ പൊലീസ് പൊക്കി; സ്റ്റേഷനിലെത്തിച്ചപ്പോള്‍ നഗ്ന നൃത്തം, യുവാവിനെതിരെ കേസെടുത്ത് നോട്ടീസ് നല്‍കി വിട്ടയച്ചു; സംഭവം കാഞ്ഞങ്ങാട്ട്

കാസര്‍കോട്: ലഹരിയില്‍ നഗരമധ്യത്തിലുള്ള പൊതുജനങ്ങള്‍ക്ക് ശല്യമായി മാറിയ യുവാവിനെ പൊലീസ് പൊക്കിയെടുത്ത് സ്റ്റേഷനിലെത്തിച്ചു. പൊലീസ് സ്റ്റേഷനില്‍ അക്രമം കാണിക്കുകയും നഗ്നനൃത്തം വയ്ക്കുകയും ചെയ്ത യുവാവിനെ കൊണ്ട് പൊറുതിമുട്ടിയ പൊലീസുകാര്‍ ഇയാളെ സ്റ്റേഷനില്‍ നിന്നു പുറത്താക്കി. സ്റ്റേഷനു മുന്നില്‍ നൃത്തം ചവിട്ടല്‍ തുടര്‍ന്നതോടെ ആള്‍ക്കാര്‍ തടിച്ചുകൂടി. ഒടുവില്‍ പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളെത്തി യുവാവിനെ കൂട്ടിക്കൊണ്ടു പോയി. പൊതുസ്ഥലത്തും പൊലീസ് സ്റ്റേഷനിലും ബഹളം വച്ചതിനു കേസെടുത്ത ശേഷമാണ് വിട്ടയച്ചത്.


തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെ നോര്‍ത്ത് കോട്ടച്ചേരിയിലാണ് സംഭവങ്ങള്‍ക്ക് തുടക്കം. ലഹരിയിലായിരുന്ന യുവാവ് പൊതുജനങ്ങള്‍ക്ക് ശല്യമാകുന്നുവെന്ന വിവരത്തെ തുടര്‍ന്ന് എസ്.ഐ ടി. അഖിലും സംഘവും എത്തിയാണ് യുവാവിനെ പൊക്കി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. പേരും വിലാസവും ചോദിച്ചതോടെ യുവാവ് ബഹളം തുടങ്ങി. ഉടുതുണി പോലും ഇല്ലാതെ പ്രകോപനം തുടര്‍ന്ന യുവാവ് വരാന്തയില്‍ വച്ചിരുന്ന പൂച്ചട്ടികള്‍ എടുത്തെറിഞ്ഞു നശിപ്പിച്ചു. ഇതോടെ യുവാവിനെ പൊലീസ് സ്റ്റേഷനില്‍ നിന്നു പുറത്താക്കി. തുടര്‍ന്ന് സ്റ്റേഷന്റെ മുന്നിലായി ആശാന്റെ പ്രകടനം. ബഹളം കേട്ട് യാത്രക്കാരായ നിരവധി പേര്‍ പരിസരത്ത് തടിച്ചുകൂടി. ഇതിനിടയില്‍ പരാക്രമം കാണിച്ച യുവാവ് മാവുങ്കാല്‍, ആനന്ദാശ്രമത്തിനു സമീപത്തു താമസിക്കുന്ന എറണാകുളം സ്വദേശിയായ അശ്വനാഥ് ആണെന്ന വിവരം പൊലീസിനു ലഭിച്ചു. പ്രസ്തുത വിലാസത്തില്‍ ബന്ധപ്പെട്ട പൊലീസ് ബന്ധുക്കളെ വിളിച്ചു വരുത്തിയാണ് യുവാവിനെ വിട്ടയച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page