‘പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ ‘പൊതു’ അല്ല’; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: സ്വകാര്യ പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ പൊതു ജനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളതല്ലെന്ന് കേരള ഹൈക്കോടതി. പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ പൊതു സംവിധാനമായി കാണാനാകില്ല. ഇത് പമ്പിലെത്തുന്ന ഉപഭോക്താക്കള്‍ക്കുള്ളതാണ് എന്നും ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. പെട്രോളിയം ട്രേഡേഴ്സ് ആന്‍ഡ് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഹര്‍ജിയിലാണ് നടപടി.
പൊതുജനങ്ങള്‍ക്കു പമ്പിലെ ശുചിമുറി ഉപയോഗിക്കാനായി തുറന്നു നല്‍കണമെന്ന് ഉടമകളെ നിര്‍ബന്ധിക്കരുതെന്നു സംസ്ഥാനസര്‍ക്കാരിനും തിരുവനന്തപുരം മുന്‍സിപ്പല്‍ കോര്‍പറേഷനും കോടതി നിര്‍ദേശം നല്‍കി. ശുചിമുറി വിഷയത്തില്‍ തിരുവനന്തപുരം മുന്‍സിപ്പല്‍ കോര്‍പറേഷന്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവര്‍ പുറത്തിറക്കിയ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു സംഘടന കോടതിയെ സമീപിച്ചത്. ഉപഭോക്താക്കളുടെ അത്യാവശ്യത്തിനായാണ് പമ്പുടമകള്‍ സ്വന്തം ചെലവില്‍ ശുചിമുറികള്‍ നിര്‍മ്മിച്ച് പരിപാലിക്കുന്നത്. വലിയ രീതിയില്‍ പൊതുജനം ഈ സേവനം ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇത് അംഗീകരിച്ച കോടതി പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനത്തിന് ഉപയോഗിക്കാന്‍ അനുവദിക്കണം എന്ന് നിര്‍ദേശിക്കാന്‍ കഴിയില്ലെന്ന് നിലപാട് എടുക്കുകയായിരുന്നു. സ്വച്ഛ് ഭാരത് മിഷന് കീഴില്‍ പൊതു ശുചിമുറികള്‍ നിര്‍മ്മിക്കണം എന്ന് ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെ നേരത്തെ തന്നെ തിരുവനന്തപുരം മുന്‍സിപ്പല്‍ കോര്‍പ്പറേഷന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ചില പെട്രോള്‍ പമ്പുകള്‍ക്കു മുന്നില്‍ ‘പൊതുശുചിമുറി’ എന്ന വിധത്തില്‍ പോസ്റ്ററുകള്‍ പോലും വയ്ക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ചിലപ്പോള്‍ ടൂറിസ്റ്റ് ബസുകളിലും മറ്റും എത്തുന്ന യാത്രക്കാര്‍ പോലും ശുചിമുറി സൗകര്യം ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ തങ്ങളുടെ പമ്പുകളിലെ ശുചിമുറികള്‍ ഉപയോഗിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ടാണാണ് പമ്പ് ഉടമകള്‍ കോടതിയെ സമീപിച്ചത്. പമ്പുകളിലെ ശുചിമുറി ഉപയോഗം ഇന്ധനം നിറയ്ക്കുന്ന വാഹനങ്ങളിലെ ആളുകള്‍ക്ക് മാത്രമായി നിയന്ത്രിക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. പെട്രോള്‍ പമ്പുകളില്‍ നിര്‍മ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ടൊയ്റ്റുലറ്റുകള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 300 എ പ്രകാരം സംരക്ഷണം ലഭിക്കേണ്ട സ്വകാര്യ സ്വത്തില്‍ ഉള്‍പ്പെടുന്നതാണ്. 2002 ലെ പെട്രോളിയം ആക്ട്, പെട്രോളിയം റൂള്‍സ് എന്നിവയിലെ പ്രത്യേക വ്യവസ്ഥകള്‍ പ്രകാരം ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി പൊതു ടോയ്‌ലറ്റുകളായി പരിവര്‍ത്തനം ചെയ്യാനോ ചിത്രീകരിക്കാനോ അധികാരികള്‍ക്ക് അധികാരമില്ലെന്ന് ഉത്തരവിറക്കണം എന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മാവുങ്കാലിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു; 2 പേർക്ക് പേരിക്ക്, ഉപ്പളയിൽ മതിലിടിഞ്ഞ് വീടിനു മുകളിലേക്ക് വീണു, കുന്നൂച്ചി – ചെർക്കാപ്പാറ റോഡിലേക്ക് മതിൽ ഇടിഞ്ഞു വീണു

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page