കാസര്‍കോട്: ബേവിഞ്ചയില്‍ ദേശീയപാത തകര്‍ന്ന സംഭവത്തില്‍ നിര്‍മാണക്കരാര്‍ ഏറ്റെടുത്ത മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കെതിരെ കടുത്ത നടപടിയുമായി ദേശീയ പാത അതോറിറ്റി. കമ്പനിയെ പുതിയ ടെണ്ടറുകളില്‍ പങ്കെടുക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തി. വിലക്കിന് പുറമെ ഒമ്പതു കോടി പിഴയും അടക്കണം. ഭാവിയിലുള്ള നിര്‍മാണ ടെണ്ടറുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് കമ്പനിയെ വിലക്കിയത്. ബേവിഞ്ചയില്‍ തിങ്കളാഴ്ച റോഡിന്റെ സുരക്ഷാഭിത്തി തകര്‍ന്നതടക്കമുള്ള സംഭവത്തിലാണ് നടപടി. അശാസ്ത്രീയമായ ഡിസൈന്‍, ഓവുചാല്‍ സംവിധാനത്തിലെ അപാകത, സംരക്ഷണ ഭിത്തി നിര്‍മാണത്തിലെ അപാകത തുടങ്ങിയ കാര്യങ്ങള്‍ മൂലമാണ് തകര്‍ച്ചയുണ്ടായതെന്നും ദേശീയപാത അതോറിറ്റി വ്യക്തമാക്കുന്നു. വീഴ്ച വരുത്തിയതിന് ഒമ്പതു കോടി രൂപ പിഴയടക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസും ദേശീയപാത അതോറിറ്റി നല്‍കി. ദേശീയപാതയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി ചെര്‍ക്കള സന്ദര്‍ശിക്കും.
