തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴ. അഞ്ചു ജില്ലകളിൽ റെഡ് അലർട്ടും ഒൻപതു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. മറ്റുജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. എല്ലാ ജില്ലകളിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. ശക്തമായ കാറ്റും ഉണ്ടാകും. ബുധനാഴ്ചവരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസർകോട് ജില്ലയിൽ പുലർച്ചെ മുതൽ അതിശക്തമായ മഴ പെയ്തു. ദേശീയപാത നിർമ്മാണം നടക്കുന്ന പല സ്ഥലങ്ങളിലും വെള്ളക്കെട്ടുണ്ട്. റെഡ് അലർട്ട് ആയതിനാൽ സ്കൂളുകൾക്ക് ജില്ലാ കളക്ടർ അവധി നൽകിയിട്ടുണ്ട്. വടക്കൻ കർണാടകയ്‌ക്കും മാറാത്തവാഡക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. മറ്റൊരു ചക്രവാതചുഴി വടക്കൻ തീരദേശ ആന്ധ്രാപ്രാദേശിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ സ്ഥിതിചെയ്യുന്നു.
