കൊച്ചി: എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ സംവിധായകനും നടനുമായ നാദിര്‍ഷ. കുളിപ്പിക്കാന്‍ നല്‍കിയ പൂച്ചയെ കൊന്നു എന്നാണ് പരാതി. എറണാകുളം പെറ്റ് ഷോപ്പ് എന്ന സ്ഥാപനത്തിനെതിരെയാണ് നാദിര്‍ഷ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയത്. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം അനുഭവം പങ്കുവച്ചത്. നാദിര്‍ഷയും കുടുംബവും ഏറെ ഓമനിച്ചുവളര്‍ത്തിയ നൊബേല്‍ എന്ന് പേരുള്ള പൂച്ചയാണ് ചത്തത്. ഒന്നു കുളിപ്പിക്കാന്‍ കൊണ്ടുപോയതാണെന്നും എന്നാല്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം തന്റെ പൂച്ച ചാകുകയായിരുന്നുവെന്നും നാദിര്‍ഷ പറയുന്നു. പൂച്ച അക്രമാസക്തമാകാതിരിക്കാന്‍ ഗ്രൂം ചെയ്യുന്നതിന് മുന്നോടിയായി അനസ്തേഷ്യ നല്‍കാറുണ്ട്. ഇതിനിടെ പൂച്ച ചത്തുവെന്നാണ് നാദിര്‍ഷയുടെ ആരോപണം. സഡേറ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പൂച്ച ചത്തു എന്നായിരുന്നു ആശുപത്രി അധികൃതര്‍ പറഞ്ഞതെന്ന് നാദിര്‍ഷ പറയുന്നു. ഇതിന് ശേഷം താന്‍ ആശുപത്രിയിലെ ഡോക്ടറെ വിളിച്ചു. സംഭവം നടക്കുമ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നില്ലെന്നാണ് ആ ഡോക്ടര്‍ പറഞ്ഞത്. മറ്റൊരു ലേഡി ഡോക്ടര്‍ അവിടെ ഉണ്ടായിരുന്നുവെന്നും അവരാണ് അനസ്തേഷ്യ നല്‍കിയതെന്നും പറഞ്ഞു. അനസ്തേഷ്യയാണോ കഴുത്തില്‍ കുരുക്കിട്ടതാണോ മരണകാരണമെന്ന് അറിയണമെന്നും പൂച്ചയുടെ ജഡം പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നും നാദിര്‍ഷ ആവശ്യപ്പെട്ടു. ഇവിടെ ഉള്ളവര്‍ക്ക് ഒരു തേങ്ങയും അറിയില്ല. ഒരു വിവരവുമില്ലാത്ത വിദ്യാഭ്യാസമില്ലാത്ത ഡോക്ടര്‍മാര്‍ എന്ന് പറഞ്ഞിരിക്കുന്ന ഈ വൃത്തികെട്ടവന്മാരുടെ കയ്യില്‍ നിങ്ങളുടെ പ്രിയപ്പെട്ട pets നെ നല്കരുതേ എന്ന് അപേക്ഷിക്കുന്നു. ഞാന്‍ കേസ് കൊടുത്തിട്ടുണ്ടെന്നും നാദിര്‍ഷാ ഫേസ്ബുക്കില്‍ കുറിച്ചു.
