തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് ഇന്ന് അര്‍ധരാത്രി മുതല്‍ തുടക്കമാകും. ജൂണ്‍ 10 മുതല്‍ ജൂലൈ 31 ന് അര്‍ധരാത്രി വരെ 52 ദിവസമാണ് മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം. ഇന്നുരാത്രി 12-ന് നീണ്ടകര പാലത്തിന്റെ സ്പാനുകളെ ബന്ധിച്ച് ചങ്ങലയിടുന്നതോടെ സംസ്ഥാനത്ത് നിരോധനം നടപ്പില്‍വരും. ഈ കാലയളവില്‍ പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിന് അനുമതിയുണ്ട്. തീരത്ത് നിന്ന് 10 നോട്ടിക്കല്‍ മൈല്‍ വരെ ദൂരത്തില്‍ ചെന്ന് ചെറുവള്ളങ്ങള്‍ക്ക് മീന്‍ പിടിക്കാം. തോണിയിലും ഇന്‍ബോര്‍ഡ് വള്ളത്തിലും മീന്‍പിടിത്തം നടത്താം. ഇരട്ട വള്ളങ്ങള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തം നിരോധിച്ചു. വലിയ വള്ളങ്ങള്‍ക്കൊപ്പം ഉപയോഗിക്കുന്ന കരിയര്‍ വള്ളങ്ങള്‍ കൊണ്ടുപോകുന്നതിലും നിയന്ത്രണമുണ്ട്. ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നല്‍കി. തൊഴില്‍ രഹിതരായ മല്‍സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നടപടിയായി. ഈ കാലയളവില്‍ മലയാളികളുടെ പ്രിയപ്പെട്ട മത്തിക്കും അയലയ്ക്കും നിരോധനകാലത്തും ക്ഷാമം ഉണ്ടാകില്ല.







