ബേഡകം, കൊളത്തൂരില്‍ ഓടിളക്കി മാറ്റി വീട്ടില്‍ നിന്നു സ്വര്‍ണ്ണവും സാരികളും കവര്‍ന്ന കേസ്; പ്രതി മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍

കാസര്‍കോട്: ബേഡകം, കൊളത്തൂരില്‍ വീടിന്റെ ഓടിളക്കി മാറ്റി അകത്ത് കടന്ന് തുണിത്തരങ്ങളും അരപ്പവന്‍ സ്വര്‍ണ്ണവും കവര്‍ച്ച ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. കൊളത്തൂര്‍, മനിയാരം-കൊച്ചിയിലെ ഭാസ്‌കര(45)നെയാണ് ബേഡകം പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. കൊളത്തൂര്‍ നാറക്കോട്ടെ സരോജിനി(62)യുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടില്‍ മറ്റാരും ഇല്ലാത്തതിനാല്‍ സരോജിനി തൊട്ടടുത്തു താമസിക്കുന്ന മകളുടെ വീട്ടിലാണ് അന്തിയുറങ്ങാറ്. തിങ്കളാഴ്ച രാത്രിയും മകളുടെ വീട്ടിലേക്ക് പോയതായിരുന്നു. ചൊവ്വാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ഏണി ഉപയോഗിച്ച് വീട്ടിനു മുകളില്‍ കയറി ഓടിളക്കി മാറ്റി അകത്തു കടന്ന് അലമാര കുത്തിത്തുറന്നാണ് സ്വര്‍ണ്ണവും നാലോളം സാരികളും മോഷ്ടിച്ചത്. വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍ തുറന്നു പുറത്തു കടന്ന മോഷ്ടാവ് വീണ്ടും മേല്‍ക്കൂരയില്‍ കയറി ഇളക്കി മാറ്റിയ ഓടുകള്‍ പുനഃസ്ഥാപിച്ചാണ് സ്ഥലം വിട്ടത്. ബേഡകം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിനു പിന്നില്‍ ഭാസ്‌കരന്‍ ആണെന്നു കണ്ടെത്തി മണിക്കൂറുകള്‍ക്കകം പ്രതിയെ അറസ്റ്റു ചെയ്തത്. മോഷണം പോയ സാരികളും സ്വര്‍ണ്ണവും ഭാസ്‌കരന്റെ സഹായത്തോടെ കണ്ടെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page