ഭർത്താവ് മരിച്ചാൽ ഭർതൃവീട്ടിൽ ഭാര്യയ്ക്ക് നിയമപരമായി കഴിയാം, ഇറക്കിവിടാനോ ദ്രോഹിക്കാനോ പാടില്ല: ഹൈക്കോടതി

കൊച്ചി: ഭർത്താവ് മരിച്ച ശേഷവും കുട്ടികളുമായി അതേ വീട്ടിൽ കഴിയുന്നതിന് ഭാര്യയ്ക്കു നിയമപരമായ അവകാശമുണ്ടെന്ന് ഹൈക്കോടതി. ഗാർ‍ഹിക പീഡന നിരോധന നിയമം അനുസരിച്ച് സ്ത്രീ സമാധാനത്തോടെ ആ വീട്ടിൽ കഴിയുന്നത് തടയാനോ ഇറക്കി വിടാനോ അവകാശമില്ലെന്ന് ജസ്റ്റിസ് എം.ബി.സ്നേഹലത വ്യക്തമാക്കി. ഭർത്താവിന്റെ സഹോദരങ്ങളും ഭാര്യമാരും ഭർതൃമാതാവും ദ്രോഹിക്കുന്നെന്നും വീട്ടിൽനിന്ന് ഇറക്കി വിട്ടെന്നും കാണിച്ച് പാലക്കാട് സ്വദേശിയായ യുവതി നൽകിയ ഹർജിയിലാണ് നടപടി. 2009ൽ ആണ് യുവതിയുടെ ഭർത്താവ് മരിച്ചത്. മരണശേഷം കുട്ടികളുമൊത്ത് ഈ വീട്ടിൽത്തന്നെയാണ് യുവതി കഴിഞ്ഞിരുന്നത്. യുവതിയുടെ സ്വന്തം വീട്ടിലെ സ്വത്ത് ഭാഗംവയ്പിൽ മറ്റൊരു വീട് ലഭിച്ചിരുന്നു. അതിനാൽ യുവതിക്ക് ഭർത്താവിന്റെ വീട്ടിൽ അവകാശമില്ലെന്നും കാട്ടി മറ്റുള്ളവർ രംഗത്തു വരികയായിരുന്നു. യുവതി കോടതിയെ സമീപിച്ചെങ്കിലും ഭർതൃവീട്ടുകാർക്ക് അനുകൂലമായിരുന്നു വിധി. തുടർന്ന് സെഷൻസ് കോടതിയിൽ നൽകിയ അപ്പീൽ യുവതിക്ക് അനുകൂലമായി വിധിച്ചു. ഇതു ചോദ്യം ചെയ്ത് ഭർത്താവിന്റെ സഹോദരങ്ങളും ഭാര്യമാരും മാതാവും നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. സ്ത്രീയെ ബലമായി ഇറക്കി വിടാനോ ദ്രോഹിക്കാനോ പാടില്ലെന്നാണ് നിയമം പറയുന്നത്. ഈ സാഹചര്യത്തിൽ യുവതിക്ക് അനുകൂലമായി വിധിച്ച സെഷൻസ് കോടതിയുടെ വിധിയില്‍ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പയ്യന്നൂരില്‍ വീട്ടമ്മയുടെ കഴുത്തിനു കത്തി വച്ചു കവര്‍ന്ന ആഭരണങ്ങള്‍ കാഞ്ഞങ്ങാട്ട് കണ്ടെത്തി; ആദ്യം പഴയ ആഭരണങ്ങള്‍ മാറ്റി പുതിയത് വാങ്ങി, ഉടനെ തൊട്ടടുത്ത ജ്വല്ലറിയില്‍ വിറ്റു

You cannot copy content of this page