ബെർലിൻ: 71 വയസ്സുകാരിയായ പൈലറ്റ് ഓടിച്ച ചെറു യാത്രാവിമാനം ലാൻഡിങ്ങിനിടെ വിമാനത്താവളത്തിനു സമീപമുള്ള വീട്ടിലെ ടെറസിലേക്കു ഇടിച്ചു കയറി 2 പേർ മരിച്ചു. 6 പേർക്ക് പരുക്കേറ്റു. ജർമനിയിലെ നോർത്ത് റൈൻ വെസ്റ്റ്ഫാലിയയിൽ പ്രാദേശികസമയം ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് അപകടമുണ്ടായത്. എർഫർട്ട് നഗരത്തിലേക്കു പോകുകയായിരുന്ന വിമാനത്തിനു യാത്രാമധ്യേ സാങ്കേതിക തകരാറുണ്ടായി. തുടർന്ന് നെതർലൻഡ്സ് അതിർത്തിയോട് ചേർന്ന മോൻചെൻഗ്ലാഡ്ബാച്ച് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. സമീപത്തെ വീടിനു മുകളിലേക്കു വിമാനം ഇടിച്ചു കയറി. പിന്നാലെ തീപിടിച്ചു.71 വയസ്സുകാരിയായ പൈലറ്റും മറ്റൊരാളുമാണ് മരിച്ചത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. വീട്ടിൽ ഉണ്ടായിരുന്ന 3 പേർക്ക് സാരമായി പരുക്കേറ്റു, വീടിനും തകരാറുണ്ടായി.
