കാസര്‍കോട്: കോവിഡ് മഹാമാരി വീണ്ടും തല പൊക്കുന്നുണ്ടെന്നു മുന്നറിയിപ്പുകള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കെ കോവിഡ് പ്രതിരോധത്തിനു സംസ്ഥാനത്തു മാതൃകയായിരുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശ്വാസകോശ രോഗ വിദഗ്ധന്റെ തസ്തിക ഒഴിച്ചിട്ടിരിക്കുന്നു.
ജനറല്‍ ആസുപത്രിയിലെ പള്‍മൊണറി സ്‌പെഷ്യലിസ്റ്റായിരുന്ന ഡോ. അബ്ദുല്‍ സത്താര്‍ റിട്ടയര്‍ ചെയ്ത ഒഴിവ് മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. മഴക്കാലമായതോടെ മിക്കവരും ശ്വാസകോശ സംബന്ധമായ അസുഖം നേരിടുന്നുണ്ട്. ശ്വാസകോശ രോഗങ്ങളുമായി എത്തുന്ന രോഗികളെ മറ്റു ഡോക്ടര്‍മാര്‍ പരിശോധിക്കുകയും മരുന്നു നല്‍കുകയും ചെയ്യുന്നുണ്ടെങ്കിലും ശ്വാസരോഗ വിദഗ്ധന്റെ അഭാവം പോരായ്മയായിത്തന്നെ നിലനില്‍ക്കുന്നു.
സ്ഥിരമായി അസ്ഥിരോഗ വിദഗ്ധന്‍ ഇല്ലാത്തതും ആയിരത്തിലധികം രോഗികള്‍ ദിവസവുമെത്തുന്ന ജില്ലയിലെ തന്നെ ഏറ്റവും പ്രശസ്തമായ ഈ സര്‍ക്കാര്‍ ആശുപത്രിക്കു വെല്ലുവിളിയായി തുടരുകയാണ്. ആഴ്ചയില്‍ മൂന്നോ നാലോ ദിവസം ഉച്ച വരെ ഡോക്ടറുണ്ടെങ്കിലും അപകടത്തില്‍പ്പെട്ട് അതിനു ശേഷമെത്തുന്നവര്‍ക്കു സ്വകാര്യാശുപത്രികളെ സമീപിക്കേണ്ട ദുരവസ്ഥയാണ്. ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന പനി ക്ലിനിക്കില്‍ മഴ ആരംഭിച്ചതോടെ രോഗികളുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഉച്ചക്ക് രണ്ടു മണി മുതല്‍ സന്ധ്യക്ക് ഏഴുമണി വരെ പ്രവര്‍ത്തിക്കുന്ന പനി ക്ലിനിക്കില്‍ രോഗികളുടെ തിരക്കു വര്‍ധിച്ചു കൊണ്ടിരിക്കുന്നു. പനി, ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം തുടങ്ങിയ രോഗങ്ങളുമായി കൂടുതല്‍ രോഗികള്‍ ജനറല്‍ ഒ.പിയിലും എത്തുന്നുണ്ട്.
മറ്റു രോഗങ്ങള്‍ക്കു ജനറല്‍ ആശുപത്രിയില്‍ മെച്ചപ്പെട്ട സേവനം ലഭിക്കുന്നുണ്ട്. ആശുപത്രിയില്‍ മൂന്നു ഫിസീഷ്യന്മാരും മൂന്നു ഗൈനക്കോളജിസ്റ്റുകളുമുണ്ട്. മൂന്നു സര്‍ജന്‍മാരുടെ സേവനവും ലഭിക്കുന്നു. ഇഎന്‍ടി, ന്യൂറോളജി, കാന്‍സര്‍, ഡയാലിസിസ് എന്നീ വിഭാഗങ്ങളുടെ പ്രവര്‍ത്തനവും രോഗികള്‍ക്കു ആശ്വാസം പകരുന്നു. ശ്വാസകോശ രോഗങ്ങള്‍ കൂടുതലായി അനുഭവപ്പെടുന്ന മഴക്കാലത്ത് ശ്വാസകോശ രോഗ വിദഗ്ധനെ കൂടി നിയമിക്കണമെന്ന് സാധാരണക്കാരായ രോഗികള്‍ ആശിക്കുന്നു.
