കൊച്ചി: റോഡിനു കുറുകെ ഒടിഞ്ഞു വീണ വൈദ്യുതി തൂണില്‍ ബൈക്കിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ ഉസ്താദിനു ദാരുണാന്ത്യം. അരൂര്‍ സ്വദേശിയും കുമ്പളം പള്ളിയിലെ ഉസ്താദുമായ അബ്ദുല്‍ ഗഫൂര്‍ (54) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം. പുതിയ കണക്ഷന്‍ നല്‍കാനായി രണ്ടു ദിവസം മുമ്പ് സ്ഥാപിച്ച തൂണാണ് കനത്ത മഴയില്‍ റോഡിനു കുറുകെ തകര്‍ന്നു വീണത്. ഈ വിവരമറിയാതെ ബൈക്കില്‍ എത്തിയ നെട്ടൂര്‍, കല്ലാത്ത് ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനു പരിക്കേറ്റിരുന്നു. നാട്ടുകാരാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് പൊലീസെത്തിയിരുന്നുവെങ്കിലും തൂണു മാറ്റാതെ സ്ഥലം വിടുകയായിരുന്നുവെന്നു നാട്ടുകാര്‍ ആരോപിച്ചു. തുടര്‍ന്ന് മറ്റൊരു ബൈക്കില്‍ എത്തിയ ഉസ്താദ് ഇതേ വൈദ്യുതി തൂണിടിച്ച് മരണപ്പെടുകയായിരുന്നു. പൊലീസിന്റെ അനാസ്ഥയാണ് പള്ളിയിലേക്ക് പോവുകയായിരുന്ന ഉസ്താദിന്റെ ജീവന്‍ നഷ്ടപ്പെടുന്നതിനു ഇടയാക്കിയതെന്നു നാട്ടുകാര്‍ ആരോപിച്ചു.
