കാലവര്‍ഷം തുടങ്ങിയിട്ടും സുരക്ഷാ മുന്‍ കരുതലുകള്‍ പരിശോധിച്ചില്ല; പ്രൊഫഷണല്‍ കവര്‍ച്ചാ സംഘം റെഡി, ഏതു സമയത്തും ആക്ഷനു സാധ്യത

കാസര്‍കോട്: സംസ്ഥാനത്ത് കാലവര്‍ഷം പതിവിലും നേരത്തെ എത്തിക്കഴിഞ്ഞു. 16 വര്‍ഷത്തിനു ശേഷം ആദ്യമായാണ് സംസ്ഥാനത്ത് കാലവര്‍ഷം നേരത്തെ എത്തിയത്. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ അതി ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. എല്ലാ ഭാഗങ്ങളില്‍ നിന്നും ജാഗ്രതയ്ക്കുള്ള നിര്‍ദ്ദേശം തുടര്‍ച്ചയായി വന്നു കൊണ്ടിരിക്കുന്നു.
കാലവര്‍ഷക്കാലം കവര്‍ച്ചക്കാരുടെയും കൊള്ളക്കാരുടെയും കാലം കൂടിയാണ്. അതിശക്തമായ മഴ കാരണം ജനങ്ങള്‍ വീടുകളില്‍ നിന്നു അത്യാവശ്യത്തിനേ പുറത്തിറങ്ങു. കാറ്റും മഴയും കാരണം ഉറക്കെ വിളിച്ചാല്‍ പോലും കേള്‍ക്കില്ല. വൈദ്യുതി തകരാറുകളും പതിവ്. ഇതൊക്കെ അനുകൂല ഘടകമാക്കി കൊണ്ടാണ് കവര്‍ച്ചക്കാര്‍ മഴക്കാലത്ത് രംഗത്തെത്തുന്നത്. ഇതു മുന്‍കൂട്ടി കണ്ട് ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളും വന്‍കിട സ്ഥാപനങ്ങളും മതിയായ മുന്‍ കരുതല്‍ സ്വീകരിക്കാറുണ്ട്. പൊലീസ് വിളിച്ചു ചേര്‍ക്കുന്ന യോഗങ്ങളാണ് ഇത്തരം മുന്‍ കരുതലുകളില്‍ പ്രധാനം. കവര്‍ച്ച നടക്കാനുള്ള സാഹചര്യം ഒഴിവാക്കാനുള്ള അവബോധം നല്‍കലാണ് പ്രസ്തുത യോഗങ്ങള്‍ ലക്ഷ്യമിട്ടിരുന്നത്. ബാങ്കുകളിലെയും മറ്റും നിരീക്ഷണ ക്യാമറകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു ഉറപ്പിക്കുകയും കാവല്‍ക്കാര്‍ ഇല്ലാത്ത സ്ഥാപനങ്ങളെ പ്രത്യേക നിരീക്ഷണത്തിലാക്കുക എന്നീ നടപടികള്‍ക്കാണ് മുഖ്യമായും ഊന്നിയിരിക്കുന്നത്. ഒപ്പം ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കു സമീപത്തെ കാടുകള്‍ വെട്ടിമാറ്റുന്നതിനും ഊന്നല്‍ നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഇത്തവണ ഇത്തരത്തിലുള്ള യോഗം വിളിച്ചു ചേര്‍ക്കുന്നതിനുള്ള നടപടികള്‍ പോലും ആരംഭിച്ചിട്ടില്ലെന്നാണ് സൂചന. അതേ സമയം സംസ്ഥാനത്ത് വന്‍ കവര്‍ച്ച ലക്ഷ്യമിട്ട് അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘങ്ങള്‍ തയ്യാറായിട്ടുള്ളതായാണ് സൂചന. സാഹചര്യം അനുകൂലമാണെങ്കില്‍ രാത്രിക്കു രാമാനം അതിര്‍ത്തി കടന്നെത്തി കവര്‍ച്ച നടത്തി മടങ്ങുകയാണ് സംഘത്തിന്റെ ലക്ഷ്യം. ആക്ഷന്‍ നടത്തുന്നതിനു മുമ്പ് കവര്‍ച്ച നടത്തേണ്ടുന്ന സ്ഥലം കൃത്യമായി മനസ്സിലാക്കി ആസൂത്രിതമായി കവര്‍ച്ച നടത്തുന്നവരാണ് അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘങ്ങളില്‍ ഭൂരിഭാഗവും. ഇത്തരം സംഘങ്ങള്‍ പല പേരുകളിലാണ് അറിയപ്പെടുന്നത്. കാസര്‍കോട് ജില്ലയിലടക്കം വന്‍കിട കവര്‍ച്ചകള്‍ നടന്നിട്ടുള്ളത് കാലവര്‍ഷക്കാലത്താണെന്നതും ചരിത്രം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page