നീലേശ്വരം: നീലേശ്വരം റെയില്‍വേ സ്റ്റേഷനു പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനു ടെന്‍ഡര്‍ പ്രാഥമിക നടപടികള്‍ ആരംഭിച്ചു. പുതിയ സ്റ്റേഷന്‍ കെട്ടിടത്തോട് ചേര്‍ന്ന് ആധുനിക രീതിയിലുള്ള പ്രവേശന കവാടം, പടിഞ്ഞാറ് ഭാഗത്ത് നിലവിലുള്ള ഗാന്ധി പ്രതിമക്ക് താഴെ പുതിയ പാര്‍ക്കിംഗ് സമുച്ചയം എന്നിവ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ക്കു ടെന്‍ഡര്‍ വിളിച്ചു. നാലു കോടി രൂപയാണ് ആദ്യഘട്ടത്തില്‍ അനുവദിച്ചിരിക്കുന്നത്. ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2025 ജൂണ്‍ 19 ആണ്. ആറുമാസമാണ് നിര്‍മ്മാണ കാലാവധി. നിര്‍മ്മാണം പുരോഗമിക്കുന്നതിനനുസരിച്ച് ഡിവിഷണല്‍ റെയില്‍വേ മാനേജരുടെ പ്രത്യേക അധികാരം ഉപയോഗിച്ച്, അനുബന്ധ പ്രവൃത്തികള്‍ക്ക് കൂടുതല്‍ തുക അനുവദിക്കും. 2024ല്‍ പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദി റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചപ്പോള്‍, റെയില്‍വേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ക്കു നീലേശ്വരം റെയില്‍വേ ഡെവലപ്‌മെന്റ് കലക്ടീവ് ഭാരവാഹികള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ആറുമാസമായി, എന്‍ ആര്‍ ഡി സി മുഖ്യരക്ഷാധികാരിയും, കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറലും ആയ പി മനോജ് കുമാര്‍ നടത്തിയ ഇടപെടലും നിര്‍ണായകമായിരുന്നു. തീവണ്ടികളുടെ പോക്കുവരവ് സൂചിപ്പിക്കുന്ന ഇലക്ട്രോണിക് ഡിസ്‌പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി ഉടന്‍ തുടങ്ങും. സ്റ്റേഷന്റെ പ്രവേശന കവാടത്തിലും പ്ലാറ്റ്‌ഫോമുകളിലും ആയി സി സി ടി വി സ്ഥാപിച്ചു കഴിഞ്ഞു. 2024-25 സാമ്പത്തിക വര്‍ഷം യാത്ര ഇനത്തില്‍ മാത്രം സ്റ്റേഷന്റെ വരുമാനം 8 കോടി രൂപയാണ്. ശരാശരി 6500 യാത്രക്കാര്‍ പ്രതിദിനം നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ വഴി യാത്ര ചെയ്യുന്നു.
നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് ക്രിയാത്മക പിന്തുണ നല്‍കിക്കൊണ്ടിരിക്കുന്ന പാലക്കാട് റെയില്‍വേ ഡിവിഷന്‍ മാനേജറെ എന്‍ ആര്‍ ഡി സി യോഗം അഭിനന്ദിച്ചു. പ്രസിഡണ്ട് എന്‍. സദാശിവന്‍ അധ്യക്ഷത വഹിച്ചു. ഡോ. വി. സുരേശന്‍, സി.എം സുരേഷ് കുമാര്‍, പി.യു ചന്ദ്രശേഖരന്‍, ബാബുരാജ് കൗസല്യ, എം. വിനീത്, ഗീത റാവു സംസാരിച്ചു.
