ബംഗളൂരു: കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന് അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരം. ‘ഹൃദയ വിളക്ക്’ (Heart Lamp) എന്ന പേരില്‍ ഉള്ള ചെറുകഥാ സമാഹാരത്തിനാണ് പുരസ്‌കാരം. കന്നഡയില്‍ നിന്ന് ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യത്തെ സാഹിത്യകാരിയാണ് ബാനു മുഷ്താഖ്. 2022-ല്‍ ഹിന്ദിയില്‍ എഴുതപ്പെട്ട ഗീതാഞ്ജലി ശ്രീയുടെ മണല്‍ ശവകുടീരം (Tomb of Sand) എന്ന പുസ്തകം നോവല്‍ വിഭാഗത്തില്‍ ബുക്കര്‍ പുരസ്‌കാരം നേടിയിരുന്നു. ബുക്കര്‍ പ്രൈസ് ലഭിക്കുന്ന നാലാമത്തെ ഇന്ത്യന്‍ എഴുത്തുകാരി ആണ് ബാനു മുഷ്താഖ്. വിവര്‍ത്തക ദീപ ഭാഷ്തിയോടൊപ്പം ബാനു മുഷ്താഖ് പുരസ്‌കാരം ഏറ്റു വാങ്ങി. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് ഇരുവരും പുരസ്‌കാരം ഏറ്റു വാങ്ങിയത്. പുസ്തകത്തിലെ 12 കഥകള്‍ ദക്ഷിണേന്ത്യയിലുടനീളമുള്ള പുരുഷാധിപത്യ സമൂഹങ്ങളില്‍ ജീവിക്കുന്ന സ്ത്രീകളുടെ ആന്തരിക ലോകങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നു. മുഷ്താഖിന്റെ ആറ് സമാഹാരങ്ങളും മൂന്ന് പതിറ്റാണ്ടുകളുടെ സാഹിത്യജീവിതവും ഉള്‍ക്കൊള്ളുന്ന ഒരു വലിയ കൃതിയില്‍ നിന്നാണ് ഭാസ്തി ഈ കഥകള്‍ തിരഞ്ഞെടുത്തത്. കര്‍ണാടകയിലെ മുസ്ലിം ജനസമൂഹത്തിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സധൈര്യം തുറന്നെഴുതിയ എഴുത്തുകാരിയാണ് അഭിഭാഷക കൂടിയായ ബാനു മുഷ്താഖ്. കര്‍ണാടക സാഹിത്യ അക്കാദമി പുരസ്‌കാരം, ദാനചിന്താമണി അത്തിമബ്ബ പുരസ്‌കാരം തുടങ്ങിയവ ബാനു മുഷ്താഖിന് മുമ്പു നേടിയിട്ടുണ്ട്. കന്നഡ സാഹിത്യത്തിലെ ഏറ്റവും പ്രശസ്തരായ എഴുത്തുകാരില്‍ ഒരാളായ ഇവര്‍ മാധ്യമപ്രവര്‍ത്തകയായും ജോലി ചെയ്തിട്ടുണ്ട്. ‘കരി നഗരഗളു’ എന്ന ഇവരുടെ ചെറുകഥ ‘ഹസീന’ എന്ന പേരില്‍ ഗിരീഷ് കാസറവള്ളി സിനിമയാക്കിയിട്ടുണ്ട്. ഭര്‍ത്താവ്: മുഷ്താഖ് മൊഹിയുദ്ദിന്‍. മക്കള്‍: സമീന, ലുബ്‌ന, ആയിഷ, താഹിര്‍.
