കാസര്‍കോട്: രോഗിയെയും കൊണ്ട് മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് മറിഞ്ഞ് സ്ത്രീ മരിച്ചതിനു പിന്നാലെ അതേ സ്ഥലത്തു വീണ്ടും അപകടം. ഉപ്പള ഗേറ്റില്‍ വീണ്ടുമുണ്ടായ അപകടത്തില്‍ കണ്ണൂരിലേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കര്‍ ലോറിയുടെ ടയറുകള്‍ ചെളിയില്‍ താഴ്ന്നു. ഇതേ തുടര്‍ന്ന് ഇതു വഴിയുള്ള ഗതാഗതം രണ്ടു മണിക്കൂറോളം തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. ടാങ്കര്‍ ലോറി സര്‍വ്വീസ് റോഡിലൂടെ കടന്നു പോകുന്നതിനിടയില്‍ ടയറുകള്‍ താഴുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും ഉപ്പള സ്റ്റേഷന്‍ ഓഫീസര്‍ സന്ദീപിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സും എത്തി. രണ്ടു മണിക്കൂറിനു ശേഷം ക്രെയിന്‍ ഉപയോഗിച്ചാണ് ടാങ്കര്‍ ലോറിയെ മാറ്റി സര്‍വ്വീസ് റോഡ് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്.
ടാങ്കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്തിനു സമീപത്ത് ദേശീയ പാതയില്‍ ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ അപകടത്തില്‍ കണ്ണൂര്‍, വാരം, പള്ളിപ്പുറത്തെ ഷാഹിന (45) മരണപ്പെട്ടിരുന്നു. പ്രസ്തുത അപകടത്തിന്റെ ഞെട്ടല്‍ മാറും മുമ്പായിരുന്നു സമീപത്തെ സര്‍വ്വീസ് റോഡില്‍ ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടത്.