കാസർകോട്: കളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ രണ്ടു കുട്ടികളെ കാണാതായതായി പരാതി. വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെങ്കള, മുട്ടത്തൊടി, എർമാളം,തൈവളപ്പ്, വലിയമൂലയിലെ പതിനാലും പതിനാറും വയസുള്ള രണ്ട് ആൺകുട്ടികളെയാണ് കാണാതായത്. തിങ്കളാഴ്ച്ച വൈകുന്നേരം 4.30 മണിയോടെയാണ് സുഹൃത്തുക്കളായ ഇരുവരും വീട്ടിൽ നിന്നു ഇറങ്ങിയത്. കളിക്കാൻ പോകുന്നുവെന്നാണ് വീടുകളിൽ നിന്നും ഇറങ്ങുമ്പോൾ ഇരുവരും പറഞ്ഞിരുന്നതെന്നു പറയുന്നു. രാത്രിയായിട്ടും തിരിച്ചു എത്താത്തതിനെ തുടർന്ന് അന്വേഷിച്ചുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് കുട്ടികളിൽ ഒരാളുടെ രക്ഷിതാവ് വിദ്യാനഗർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
