കാസര്‍കോട്: മണ്‍സൂണിന്റൈ വരവറിയിച്ച് മഞ്ഞ തവളകളെത്തി. ബേക്കല്‍ മൗവ്വല്‍ പള്ളത്തിലെ തരിശായികിടക്കുന്ന ഏക്കര്‍ കണക്കിനുള്ള പാടത്താണ് ചൊവ്വാഴ്ച മഞ്ഞ നിറത്തിലുള്ള ആയിരക്കണക്കിന് തവളകള്‍ പ്രത്യക്ഷപ്പെട്ടത്. പച്ച അല്ലെങ്കില്‍ തവിട്ട് നിറത്തിലോ ഉള്ള തവളകളാണ് നമ്മുടെ നാട്ടില്‍ ധാരാളമുള്ളത്. ചിലത് ഈ രണ്ട് നിറങ്ങളും ഇടകലര്‍ന്നും ആണ്. എന്നാല്‍ മഞ്ഞ നിറത്തിലുള്ള തവള മഴക്കാലത്താണ് അപൂര്‍വം സ്ഥലങ്ങില്‍ കാണാനാവുക. ഒറ്റനോട്ടത്തില്‍ മഞ്ഞ ചായം പൂശിയ തവളയാണെന്ന് തോന്നിപ്പോകും. പ്രജനനകാലത്താണ് തവളകള്‍ക്ക് മഞ്ഞനിറം കൈവരുന്നത്. മണ്‍സൂണ്‍ കാലത്ത് ഇവ ഇങ്ങനെ മഞ്ഞ നിറത്തിലാകുന്നത് ഇണകളെ ആകര്‍ഷിച്ചു വരുത്താന്‍ വേണ്ടിയാണ്. ചുരുങ്ങിയ സമയം മാത്രമേ ഇതിനെ കാണാറുള്ളതന്ന് പക്ഷികളെയും തവളകളെയും നിരീക്ഷണം നടത്തുന്ന കരിം പള്ളത്തില്‍ പറയുന്നു. നൈബീരിയന്‍ കൊക്കടക്കം നിരവധി ദേശാടന പക്ഷികള്‍ മൗവ്വല്‍ കണ്ടത്തില്‍ എത്താറുണ്ട്. കുട്ടികളും വഴിയാത്രക്കാരുമായി നിരവധിപേരാണ് മഞ്ഞത്തവളകളുടെ ഈ അപൂര്‍വ്വകാഴ്ച ആസ്വദിക്കാനായി പാടത്ത് എത്തുന്നത്.
