തിരുവനന്തപുരം: ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടന്ന പരിശോധനയില്‍ കേസുകളില്‍ വര്‍ധനവുണ്ടെന്ന് അധികൃതര്‍. ചികില്‍സയിലായിരുന്ന ഒരാള്‍ മരിച്ചു. ഇതരരോഗങ്ങള്‍ക്ക് ചികില്‍സയിലായിരുന്ന ആളാണ് മരിച്ചത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 93 ആയിരുന്നത് ഈ മാസം 12നുശേഷം 257 ആയി. സംസ്ഥാനത്തു 95 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 69 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലും തമിഴ് നാട്ടിലും കോവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഇന്ത്യയില്‍ കോവിഡ് നിയന്ത്രണവിധേയമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിളിച്ച യോഗം വിലയിരുത്തി. സിംഗപ്പൂര്‍, ഹോങ്കോങ് എന്നിവിടങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലായിരുന്നു യോഗം. പൊതുവേ ശേഷി കുറഞ്ഞ വൈറസുകളാണ് ഇപ്പോഴുള്ളതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധിതര്‍ക്കു പനി, ജലദോഷം തുടങ്ങിയവ ഉണ്ടാകുമെങ്കിലും 7 ദിവസത്തില്‍ ഭേദമാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
