സാൻജോസ്: കോസ്റ്ററിക്കൻ ജയിലിലേക്ക് ലഹരി കടത്താൻ ശ്രമിച്ച ആളെ കണ്ട് അധികൃതർ ഞെട്ടി. കറുപ്പും വെള്ളയും നിറമുള്ള ഒരു പൂച്ച. തടവുകാരെ ലക്ഷ്യമാക്കി പോകുകയായിരുന്ന പൂച്ച സുരക്ഷാജീവനക്കാരുടെ കണിൽപെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ 236 ഗ്രാം കഞ്ചാവ്, 68 ഗ്രാം ഹെറോയിൻ എന്നിവ ഇതിന്റെ ദേഹത്തു കെട്ടിവച്ച നിലയിൽ കണ്ടെത്തി. കഞ്ചാവ് വലിക്കുന്നതിനുള്ള പേപ്പറും പൂച്ചയുടെ ശരീരത്തിൽ ഉണ്ടായിരുന്നു.
ഇതിനെ വിശദ വൈദ്യപരിശോധനയ്ക്കായി നാഷനൽ അനിമൽ ഹെൽത്ത് സർവീസസിനു കൈമാറി. പൂച്ചയുടെ ഉടമയെ കണ്ടെത്താൻ പൊലീസ് ശ്രമം തുടരുന്നു. ജയിലിലെയും സമീപ മേഖലയിലെയും സിസിടിവികൾ പരിശോധിച്ചു വരികയാണ്.
കോസ്റ്ററിക്കൻ ജയിലുകളിലെ തടവുകാർക്ക് ലഹരി വസ്തുക്കൾ ഉൾപ്പെടെ എത്തിക്കാൻ പൂച്ചകളെ ഉപയോഗിക്കുന്നതു പതിവാണ്. ആരുടെയും ശ്രദ്ധയിൽപെടാതെ ഇവ സഞ്ചരിക്കുമെന്നതിനാലാണിത്.
സമീപകാലങ്ങളിലായി കോസ്റ്ററിക്കയിൽ ലഹരി വ്യാപനം വർധിച്ചിട്ടുണ്ട്. 2023ൽ മാത്രം 21.3 ടൺ കൊക്കെയ്നാണ് അധികൃതർ പിടിച്ചെടുത്തത്
