വാഷിങ്ടൺ: യു.എസ്. മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചു. വളരെ വേഗത്തിൽ പടരുന്ന തരത്തിലുള്ള പ്രോസ്റ്റേറ്റ് കാൻസറാണ് ബൈഡനെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. കാൻസർ എല്ലുകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. മൂത്രസംബന്ധമായ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടതോടെയാണ് ബൈഡൻ ഡോക്ടറെ കണ്ടത്.
കാൻസറിന്റെ സ്ഥിതി വ്യക്തമാക്കുന്ന ഗ്ലീസൺ സ്കോർ 10ൽ ഒൻപതാണ് ബൈഡന്. രോഗം ഗുരുതരമായ അവസ്ഥയിലാണെന്നാണ് ഇതു വ്യക്തമാക്കുന്നത്. എന്നാൽ രോഗം ഹോർമോണുകളെ ആശ്രയിച്ചായതിനാൽ നിയന്ത്രണവിധേയമാക്കാമെന്ന് ബൈഡന്റെ ഓഫിസ് അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് സ്ഥാനം വഹിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് 82 വയസ്സുകാരനായ ജോ ബൈഡൻ. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നു പ്രായാധിക്യം ചൂണ്ടിക്കാട്ടി അദ്ദേഹം പിന്മാറിയിരുന്നു. 2021 മുതൽ 2025 യുഎസിന്റെ പ്രസിഡന്റായി. 2009 മുതൽ 2017 വരെ വൈസ് പ്രസിഡന്റായിരുന്നു.
