കാസര്‍കോട്: ബദിയഡുക്കയില്‍ ഞായറാഴ്ച നടന്ന വന്‍ എം ഡി എം എ വേട്ട ജില്ലയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന രാസലഹരി മാഫിയയെക്കുറിച്ചു ആശങ്ക ഉയര്‍ത്തുന്നു.
മയക്കുമരുന്നിനെതിരെ അടുത്തകാലത്തൊന്നുമുണ്ടായിട്ടില്ലാത്ത തരത്തില്‍ അതി ശക്തമായ വേട്ട തുടരുന്നതിനിടയില്‍ പിടികൂടപ്പെടുന്നതിനനുസരിച്ച് അതിന്റെ പതിന്മടങ്ങു മാരക ലഹരി വസ്തുക്കള്‍ വീണ്ടുമെത്തുന്നതാണ് ജനങ്ങളെ ആശങ്കപ്പെടുത്തുന്നത്. മയക്കുമരുന്നു മാഫിയക്കു പിന്നില്‍ അതിശക്തമായ സ്രോതസ്സുകളുള്ളതുകൊണ്ടാണിതെന്നു പൊതുവെ സംശയിക്കുന്നു. മാഫിയാതലവന്മാരെ പിടികൂടാതെ മയക്കുമരുന്നു ഇടപാടു പൂര്‍ണ്ണമായി അവസാനിപ്പിക്കാനാവില്ലെന്ന ധാരണയും ജനങ്ങളില്‍ ഇതുണ്ടാക്കുന്നു.
സാധാരണ ഇടപാടുകാര്‍ക്കു താങ്ങാനാവാത്ത വിലക്കുള്ള മരുന്നാണ് ഞായറാഴ്ച ബദിയഡുക്കയില്‍ പിടികൂടിയതെന്നു നാട്ടുകാര്‍ പറയുന്നു. ഭാരിച്ച പണം ചെലവഴിച്ചു മയക്കുമരുന്നു വാങ്ങി സൂക്ഷിക്കാവുന്ന സാമ്പത്തിക പശ്ചാത്തലമുള്ളവരല്ല പിടിയിലായവരെന്നും സംസാരമുണ്ട്. ഇതു മയക്കുമരുന്ന് ഇടപാടിനു പിന്നില്‍ വന്‍ മാഫിയ സജീവമായുണ്ടോ എന്ന സംശയം ബലപ്പെടുത്തുന്നതായി നാട്ടുകാര്‍ പറയുന്നു.
ബദിയടുക്ക നാരമ്പാടി പ്ലാവിന് റടിയിലെ മുഹമ്മദ് റഫീഖ് (23), ബദിയടുക്ക മൂകമ്പാറയിലെ അലക്‌സ് ചാക്കോ എന്നിവരെയാണ് പൊലീസ് ഞായറാഴ്ച രാവിലെ 107.090 ഗ്രാം എം ഡി എം എയുമായി പിടി കൂടിയത്. കാരവല്‍ മീഡിയ ഞായറാഴ്ച ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലക്ഷക്കണക്കിനു രൂപ ഇതിനു വില വരുമെന്ന് പൊലീസ് സൂചിപ്പിച്ചു. ജില്ലയില്‍ അടുത്ത കാലത്തു പിടികൂടുന്ന ഏറ്റവും വലിയ എം ഡി എം എ വേട്ടയാണിത്. ഇതു സംബന്ധിച്ച് അധികൃതര്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
