കാസര്‍കോട്: ചൂരപ്പടവിലെ ചിണ്ടനെ കൊലപ്പെടുത്തിയ കേസില്‍ കോയമ്പത്തൂരില്‍ നിന്ന് പിടികൂടിയ പ്രതി പാര്‍ഥിപന്‍ എന്ന രമേശി(26)നെ പൊലീസ് നീലേശ്വരത്തെത്തിച്ചു. പ്രതിയെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. എട്ടുവര്‍ഷം മുമ്പ് നടന്ന കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ നീലേശ്വരം സബ് ഇന്‍സ്‌പെക്ടര്‍ രതീഷും സംഘവും ആണ് ഞായറാഴ്ച അറസ്റ്റുചെയ്തത്. കോയമ്പത്തൂരിലേക്ക് മുങ്ങിയ പ്രതി ടാക്‌സി ഡ്രൈവറായി അവിടെ ജോലിചെയ്തുവരികയായിരുന്നു. 2018 ഫെബ്രുവരി 24 നാണ് ചിണ്ടനെ എസ്റ്റേറ്റിനകത്തെ ചൂരപ്പടവ് കാവിനടുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കരിന്തളം കരിമ്പില്‍ തറവാട്ടിലെ കാര്യസ്ഥനായ ചിണ്ടന്റെ കയ്യില്‍ തോട്ടം തൊഴിലാളികള്‍ക്ക് നല്‍കാനുള്ള കൂലിയായി ലക്ഷങ്ങള്‍ ഉണ്ടാകുമെന്ന കണക്കൂട്ടലിലാണ് കൊല നടത്തിയത്. എന്നാല്‍ ലഭിച്ചത് 13,000 രൂപമാത്രമായിരുന്നു. തോട്ടത്തിലെ തൊഴിലാളിയായ പാര്‍ഥിപന്‍ തമിഴ് നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പൊലീസിന്റെ പിടിയിലാവുകയായിരുന്നു. ജാമ്യം ലഭിച്ച് ജയിലില്‍നിന്ന് പുറത്തിറങ്ങിയ പാര്‍ഥിപന്‍ പിന്നീട് കോയമ്പത്തൂരില്‍ എത്തുകയായിരുന്നു. എയര്‍പോര്‍ട്ടില്‍ ടാക്‌സി ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഏതാനും ദിവസം പൊലീസ് നിരീക്ഷണം നടത്തിയാണ് പാര്‍ഥിപനെ പിടികൂടിയത്. തമിഴ്‌നാട് നീലഗിരി ജില്ലയിലെ പന്തലൂര്‍ ചേരമ്പാടി സ്വദേശിയാണ് പാര്‍ഥിപന്‍. തോട്ടത്തില്‍ റബര്‍ ടാപ്പിങ് നടത്തുന്ന പ്രതിയോട്, നിന്റെ ടാപ്പിങ് ശരിയല്ലെന്നും ജോലിക്ക് വരേണ്ടെന്നും പറഞ്ഞതിലുള്ള വിരോധമാണ് ചിണ്ടന്റെ കൊലയ്ക്ക് കാരണമായതെന്നാണ് പൊലീസിന് ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ പൊലീസ് പ്രതിയുടെ മൊഴി വിശ്വസിച്ചിരുന്നില്ല. പണത്തിന് വേണ്ടിയാണ് വയോധികനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. കേസില്‍ 70 സാക്ഷികളെയാണ് വിസ്തരിച്ചത്. നീലേശ്വരം സി.ഐയുടെ ചുമതല വഹിച്ചിരുന്ന വെള്ളരിക്കുണ്ട് സി.ഐ എം. സുനില്‍കുമാറാണ് കേസ് അന്വേഷിച്ചതും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും.
