വത്തിക്കാൻസിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പുതിയ മാർപ്പാപ്പ ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം ഇന്ന് വത്തിക്കാനിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സെന്റ് പീറ്റേഴ്സ് ബസലിക്ക അങ്കണത്തിൽ ചടങ്ങുകൾ ആരംഭിക്കുക. അധികാര ചിഹ്നങ്ങളായ മോതിരവും പാലിയവും (വസ്ത്രം) മാർപ്പാപ്പയെ അണിയിക്കും. രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ ഹരിവംശ്, നാഗാലാൻഡ് ഉപമുഖ്യമന്ത്രി യന്തുങ്കോ പാറ്റൺ എന്നിവരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ചടങ്ങുകളിൽ പങ്കെടുക്കും. മേയ് എട്ടിനാണ് കർദിനാൾമാരുടെ കോൺക്ലേവ് ലിയോ പതിനാലാമനെ മാർപ്പാപ്പയായി തിരഞ്ഞെടുത്തത്. കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രേവോയെന്നാണ് യഥാർഥ പേര്. യുഎസിലെ ഷിക്കാഗോയിലാണ് ജനനം. പെറുവിൽ വർഷങ്ങളോളം സുവിശേഷ പ്രവർത്തനം നടത്തി. ചരിത്രത്തിൽ ആദ്യമായാണ് യുഎസിൽ നിന്നൊരാൾ മാർപ്പാപ്പയാകുന്നത്. തിരഞ്ഞെടുക്കപ്പെട്ട 267-ാമത് മാർപ്പാപ്പയാണ് ലിയോ പതിനാലാമൻ.
