ബർലിൻ: ഫ്രാങ്കഫർടിൽ നിന്നു 199 യാത്രക്കാരുമായി സ്പെയിനിലേക്കു പോയ വിമാനം പൈലറ്റില്ലാതെ 10 മിനിറ്റോളം പറന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ഫെബ്രുവരി 17നാണ് സംഭവം. സ്പാനിഷ് അപകട അന്വേഷണ അതോറിറ്റിയുടെ റിപ്പോർട്ട് പുറത്തു വന്നതോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം ലോകമറിഞ്ഞത്.
കോക്പിറ്റിൽ പൈലറ്റ് ഇല്ലാതിരുന്ന സമയത്ത് കോപൈലറ്റ് ബോധരഹിതനായതോടെയാണ് വിമാനം നിയന്ത്രിക്കാൻ ആളില്ലാതെ വന്നത്. ഈ സമയം ഓട്ടോ പൈലറ്റ് സംവിധാനം കാര്യക്ഷമമായി പ്രവർത്തിച്ചതിനാൽ വിമാനം സുരക്ഷിതമായി പറന്നു.
എയർബസ് എ 321 വിമാനത്തിലാണ് സംഭവം. യാത്ര അവസാനിക്കാൻ 30 മിനിറ്റ് മാത്രം ശേഷിക്കെ പൈലറ്റ് ശുചിമുറിയിൽ പോയി. കോപൈലറ്റ് വിമാനം നിയന്ത്രിക്കുമെന്നാണ് പൈലറ്റ് കരുതിയിരുന്നത്. എന്നാൽ തിരികെ എത്തിയപ്പോൾ ആക്സസ് കോഡ് നൽകിയിട്ടും കോക് പിറ്റിലേക്കു കടക്കാനായില്ല. എമർജൻസി കോഡ് നൽകിയാണ് ഒടുവിൽ കോക്പിറ്റിലേക്കു പ്രവേശിച്ചത്. ഇവിടെ കോപൈലറ്റിനെ അബോധാവസ്ഥയിൽ കണ്ടെത്തി. ഇതോടെ വിമാനം മാഡ്രിഡിൽ എമർജൻസി ലാൻഡിങ് നടത്തി. കോപൈലറ്റിനെ ആശുപത്രിയിലേക്കു മാറ്റി. നാഡി സംബന്ധമായ രോഗമാണ് പെട്ടെന്നുള്ള ബോധക്ഷയത്തിനു കാരണം. പെട്ടെന്നു ബോധരഹിതനായതിനാൽ മറ്റുള്ളവരെ വിവരം അറിയിക്കാനായില്ലെന്നാണ് കോപൈലറ്റ് നൽകുന്ന വിശദീകരണം.
