ബെയ്ജിങ്: ലോകത്തിലെ ആദ്യ എഐ ആശുപത്രി ചൈനയിൽ പ്രവർത്തനം ആരംഭിച്ചു. 21 വിഭാഗങ്ങളിലായി 42 എഐ ഡോക്ടർമാരാണ് രോഗികളെ ചികിത്സിക്കുന്നത്. സിങ്ഹുവ സർവകലാശാലയിലെ എഐ ഇൻഡസ്ട്രി റിസർച്ചാണ് ആശുപത്രിക്കു പിന്നിൽ. ആശുപത്രിയിലെ എല്ലാ ജീവനക്കാരും എഐയുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. പ്രതിദിനം 3000 രോഗികളെ വരെ ഇവിടെ ചികിത്സിക്കാനാകും. രോഗികളുമായുള്ള സമ്പർക്കം, രോഗനിർണയം എന്നിങ്ങനെ വിവിധ മേഖലകളിൽ വൈദഗ്ധ്യം ലഭിച്ചവയാണ് എഐ ഡോക്ടർമാർ. സാധാരണ ഡോക്ടർമാർ വർഷങ്ങൾ നീണ്ട സേവനം കൊണ്ട് നേടുന്ന അനുഭവസമ്പത്ത് ഇവയ്ക്കു പഠിച്ചെടുക്കാൻ കഴിയും. സങ്കീർണമായ രോഗങ്ങൾ കണ്ടുപിടിക്കാനുള്ള കഴിവുമുണ്ട്. യന്ത്രങ്ങളിൽ നിന്നു വിഭിന്നമായി സഹതാപവും സഹാനുഭൂതിയും പ്രകടിപ്പിക്കാനും ഇവയ്ക്കാകുമെന്നും ഗവേഷകർ അവകാശപ്പെടുന്നു.
