ജയ്പുർ: മരിച്ചുപോയ അമ്മയുടെ വെള്ളി വളകളുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി മക്കൾ തമ്മിലുണ്ടായ തർക്കത്തിൽ സംസ്കാരചടങ്ങുകൾ 2 മണിക്കൂറോളം വൈകി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം.
80 വയസ്സുകാരിയായ ഭൂരി ദേവിക്ക് 7 ആൺമക്കളാണുള്ളത്. 6 ആൺമക്കൾ ഒരുമിച്ചും അഞ്ചാമത്തെ മകൻ ഓംപ്രകാശ് മറ്റൊരു സ്ഥലത്തുമാണ് താമസം. 4 വർഷത്തിലേറെയായി ഓംപ്രകാശും മറ്റു സഹോദരന്മാരുമായി സ്വത്ത് തർക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ഭൂരി ദേവി മരിച്ചത്. തുടർന്ന് വീടിനു സമീപത്തെ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. മൃതദേഹം സംസ്കരിക്കുന്നതിനു മുന്നോടിയായി ആഭരണങ്ങൾ ഊരി മുത്തമകൻ ഗിർധാരിക്ക് കൈമാറി. ഇതോടെ പ്രകോപിതനായ ഓംപ്രകാശ് ചിതയിൽ കയറി കിടന്നു. വെള്ളി വളകൾ നൽകണമെന്നും അല്ലാത്ത പക്ഷം തന്നെയും അമ്മയോടൊപ്പം ദഹിപ്പിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. 2 മണിക്കൂറോളം നീണ്ടു നിന്ന തർക്കത്തിനൊടുവിൽ വളകൾ കൈമാറിയതിനു ശേഷം മാത്രമാണ് ഇയാൾ ചിതയിൽ നിന്ന് എഴുന്നേൽക്കാൻ തയാറായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
