ഇസ്ലാമാബാദ് : വെടിനിർത്തലിനു പിന്നാലെ ഇന്ത്യയുമായി സമാധാന ചർച്ചകൾക്കു തയാറാണെന്ന് പ്രഖ്യാപിച്ച് പാക്കിസ്താൻ. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫാണ് സമാധാന ചർച്ചകൾക്കുള്ള സന്നദ്ധത അറിയിച്ചത്. പാക് പഞ്ചാബിലെ കംറ എയർ ബേസ് സന്ദർശിച്ച ഷഹബാസ് ഷെരീഫ് ഇന്ത്യയുമായുണ്ടായ സംഘർഷങ്ങളിൽ പങ്കെടുത്ത സൈനികരുമായി സംസാരിക്കവെയാണ് ചർച്ചകൾക്കുള്ള സന്നദ്ധത അറിയിച്ചത്. സമാധാനത്തിനുള്ള വ്യവസ്ഥകളിൽ കശ്മീർ വിഷയവും ഉൾപ്പെടുമെന്നും ഷഹബാസ് വ്യക്തമാക്കി. ഉപപ്രധാനമന്ത്രി ഇഷാഖ് ധാർ, പ്രതിരോധ മന്ത്രി ഖവാജ ആസിഫ് എന്നിവരും ഷഹബാസിനൊപ്പം ഉണ്ടായിരുന്നു.
നേരത്തേ സൈനിക ചർച്ചകളിലൂടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ അവസാനിപ്പിച്ച് വെടിനിർത്തലിനു ധാരണയായത്. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്താനുമായി നയതന്ത്ര ചർച്ചകൾക്കു തയാറല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
അതിനിടെ താലിബാൻ വിദേശകാര്യമന്ത്രി അമിർ ഖാൻ മുതാഖിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ചർച്ച നടത്തി. പാക്കിസ്താനും അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടവും തമ്മിൽ ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് ഇന്ത്യയുടെ നടപടി. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച താലിബാൻ നിലപാടിന് ജയ്ശങ്കർ നന്ദി അറിയിച്ചു.
