ഇസ്ലാമാബാദ്: പാക്കിസ്താനിൽ നിന്നു ബലൂചിസ്താന്റെ സ്വാതന്ത്ര്യപ്രഖ്യാപനം. എഴുത്തുകാരനും ബലൂച് നേതാവുമായ മിർ യാർ ബലൂചാണ് സമൂഹമാധ്യമത്തിലൂടെ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയത്. പിന്നാലെ റിപ്പബ്ലിക് ഓഫ് ബലൂചിസ്താൻ എന്ന ക്യാംപെയ്ൻ സമൂഹമാധ്യമങ്ങളിൽ സജീവമായി.
ഇന്ത്യയോടും ഐക്യരാഷ്ട്രസഭയോടും മിർ യാർ സഹായം അഭ്യർഥിച്ചു.
ഡൽഹിയിൽ ബലൂച് എംബസി അനുവദിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ബലൂചിസ്താനെ പാക്കിസ്താന്റെ ഭാഗമാണെന്ന് വിശേഷിപ്പിക്കുന്നത് ഇന്ത്യയിലെ മാധ്യമങ്ങൾ അവസാനിപ്പിക്കണം. പാക് അധീന കശ്മീർ തിരികെ ലഭിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് പൂർണപിന്തുണ നൽകും. മേഖല വിട്ടു പോകാൻ പാക്കിസ്താനിൽ സമ്മർദ്ദം ചെലുത്താൻ രാജ്യാന്തര സമൂഹത്തോടും അദ്ദേഹം ആവശ്യപ്പെട്ടു.
ബലൂചിസ്താന്റെ സ്വാതന്ത്ര്യം അംഗീകരിക്കാൻ പ്രത്യേക സമ്മേളനം വിളിക്കാൻ യുഎൻ തയാറാകണം. ബലൂചിസ്താനിലേക്ക് യുഎൻ സമാധാന സേനയെ അയയ്ക്കണം. കറൻസിയും പാസ്പോർട്ടും അച്ചടിക്കാൻ ഫണ്ട് അനുവദിക്കണമെന്നും മിർ യാർ ആവശ്യപ്പെട്ടു.
പാക്കിസ്താനിലെ ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്താന്റെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) പാക് സൈന്യത്തിനെതിരെ ആക്രമണം ശക്തമാക്കിയതിനു പിന്നാലെയാണ് പ്രഖ്യാപനം. ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതിനിടെ പാക് സൈനിക താവളങ്ങളെ ഉൾപ്പെടെ ലക്ഷ്യമാക്കി 71 ആക്രമണങ്ങൾ ബിഎൽഎ നടത്തിയിരുന്നു. ബലൂചിസ്താന്റെ തലസ്ഥാനമായ ക്വറ്റയുടെ നിയന്ത്രണം പിടിച്ചെടുത്തതായും ഇവർ അവകാശപ്പെട്ടിരുന്നു. ഇന്ത്യ പാക്കിസ്താനെ ആക്രമിച്ചാൽ സഹായമായി പാക്കിസ്താനുള്ളിൽ സൈന്യത്തിനു നേരെ ആക്രമണം നടത്തുമെന്നും ബിഎൽഎ പ്രഖ്യാപിച്ചിട്ടുണ്ട്.
