ബ്യൂനസ്ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ മരണത്തിന് കാരണം ചികിത്സിച്ചിരുന്ന ഡോക്ടറുടെ പിഴവാണെന്ന് മകൾ കോടതിയിൽ മൊഴി നൽകി. മറഡോണയ്ക്ക് എന്ത് ചികിത്സയാണ് നൽകിയിരുന്നതെന്ന് തന്നോട് വിശദീകരിക്കാൻ ന്യൂറോ ഡോക്ടർ ലിയോപോൾഡോ ലിക്വിക്കു സാധിച്ചില്ലെന്നാണ് വെളിപ്പെടുത്തൽ. മറഡോണയ്ക്ക് വീട്ടിൽ തന്നെ ചികിത്സ നൽകിയാൽ മതിയെന്ന നിർദേശം മുന്നോട്ടുവച്ചത് ലിക്വിയാണ്. മറഡോണയുടെ ആരോഗ്യനില വഷളാകുന്നതായി ലിക്വിയെ പലതവണ അറിയിച്ചിട്ടും കൃത്യമായ പ്രതികരണം ഉണ്ടായില്ലെന്നും ജിയാനിന വ്യക്തമാക്കി.
2020 നവംബർ 20നായിരുന്നു 60കാരനായ മറഡോണയുടെ അന്ത്യം. തലച്ചോറിലെ രക്തസ്രാവത്തിന് അടിയന്തര ശസ്ത്രക്രിയ നടത്തിയ ശേഷം വീട്ടിൽ വിശ്രമിക്കവെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു.
ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞിട്ടും മറഡോണയ്ക്കു മതിയായ ചികിത്സയും കരുതലും നൽകാത്തതിനു ലിക്വി ഉൾപ്പെടെ വൈദ്യസംഘത്തിലെ 7 പേർക്കെതിരെ കേസ് നടക്കുന്നുണ്ട്. ഇവർക്കെതിരെ നരഹത്യ കുറ്റം ചുമത്തണോയെന്നാണ് കോടതി പരിശോധിക്കുന്നത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ 25 വർഷം തടവുശിക്ഷ വരെ ഇവർക്ക് ലഭിക്കും. മറഡോണയുടെ രണ്ടാമത്തെ മകളാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ജിയാനിന.
