ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ നീക്കത്തിനിടെ ചൈനീസ് സർക്കാർ മാധ്യമങ്ങളുടെ സമൂഹ മാധ്യമത്തിലെ അക്കൗണ്ടിനു ഇന്ത്യ വിലക്കേർപ്പെടുത്തി.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ഗ്ലോബൽ ടൈംസ്, ചൈനീസ് സർക്കാരിന്റെ വാർത്ത ഏജൻസിയായ ഷിൻഹുവ എന്നിവയുടെ എക്സ് അക്കൗണ്ടാണ് ബ്ലോക്ക് ചെയ്തത്.
ഇന്ത്യ-പാക്കിസ്താൻ സംഘർഷങ്ങളെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിനാണ് നടപടിയെന്ന് ചൈനയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. ഇന്ത്യൻ വ്യോമസേനയുടെ മിക് 29 വിമാനം പാക്കിസ്താൻ വെടിവച്ചിട്ടതായി ചൈനീസ് മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു. വിമാനം സാങ്കേതിക തകരാറിലായതിന്റെ പഴയ ചിത്രങ്ങൾ ഉപയോഗിച്ചായിരുന്നു ഇത്. സമൂഹമാധ്യമത്തിൽ വ്യാജ പ്രചാരണം നടത്താൻ ഈ റിപ്പോർട്ടുകൾ പാക് അനുകൂലികൾ ഉപയോഗിച്ചിരുന്നു.
നേരത്തേ അരുണാചൽപ്രദേശിൽ ചൈന അവകാശവാദം ഉന്നയിക്കുന്ന സ്ഥലങ്ങളുടെ ചൈനീസ് പേരുകളുടെ പട്ടിക ബെയ്ജിങ് പുറത്തിറക്കിയിരുന്നു. എന്നാൽ പേരുമാറ്റം യാഥാർഥ്യങ്ങളെ ഇല്ലാതാക്കുന്നില്ലെന്നും അരുണാചൽ പ്രദേശ് ഇന്ത്യയുടെ അഭിഭാജ്യ ഘടകമാണെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിരുന്നു.
