വൃദ്ധമാതാവിനെ ഉറക്കഗുളിക നല്‍കി കൊലപ്പെടുത്തി; ആത്മഹത്യയ്ക്ക് ശ്രമിച്ച നാടന്‍കലാ ഗവേഷകനായ മകന്‍ ഗുരുതരനിലയില്‍, നാലു പേജുള്ള കുറിപ്പ് കണ്ടെത്തി, മരണപ്പെട്ടത് മലയാളിയായ കുഞ്ഞിരാമന്‍ നായരുടെ ഭാര്യ

മംഗ്‌ളൂരു: വൃദ്ധമാതാവിനെ അമിതമായ അളവില്‍ ഉറക്കഗുളിക നല്‍കി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച മകന്‍ അതീവ ഗുരുതരനിലയില്‍ ആശുപത്രിയില്‍. ബെല്‍ത്തങ്ങാടി, മുണ്ടാജെ ഗ്രാമത്തിലെ കുളൂരില്‍ താമസിക്കുന്ന പരേതനും മലയാളിയുമായ കുഞ്ഞിരാമന്‍ നായരുടെ ഭാര്യ കല്യാണി(96)യാണ് മരിച്ചത്. പ്രശസ്ത നാടന്‍കലാ ഗവേഷകനും കലാകാരനും അധ്യാപകനുമായ മകന്‍ കെ. ജയറാ(58)മിനെ മംഗ്‌ളൂരുവിലെ വെന്‍ലോക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീട്ടില്‍ അമ്മയും മകനും മാത്രമാണ് താമസം. രണ്ടു ദിവസമായി വീട്ടില്‍ നിന്നു ആളനക്കമൊന്നും കാണാതിരുന്നതിനെതുടര്‍ന്ന് അയല്‍വാസികള്‍ നോക്കിയപ്പോഴാണ് അമ്മയെയും മകനെയും പൂജാമുറിക്ക് അഭിമുഖമായി വീടിന്റെ സെന്‍ട്രല്‍ ഹാളില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ടത്. വാതില്‍ തള്ളിത്തുറന്നു അകത്ത് കടന്ന് പരിശോധിച്ചപ്പോള്‍ ഇരുവര്‍ക്കും ശ്വാസമുള്ളതായി വ്യക്തമായി. തുടര്‍ന്ന് ഉജിരയിലെ ആശുപത്രിയില്‍ എത്തിച്ചു. കല്യാണി തിങ്കളാഴ്ച രാത്രിയോടെ മരിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷമാണ് ജയറാമിനെ വെന്‍ലോക് ആശുപത്രിയിലേക്ക് മാറ്റിയത്.
വീട്ടില്‍ നിന്നു ജയറാം എഴുതിയതെന്നു കരുതുന്ന നാലു പേജുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ‘വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കാരണം നാലു വര്‍ഷമായി മാതാവ് കിടപ്പിലാണെന്നും തനിക്ക് അസുഖമാണെന്നും തന്റെ മരണശേഷം അമ്മയെ പരിചരിക്കാന്‍ ആരുമില്ലെന്നും ആരും തങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കരുതെന്നും’ ആത്മഹത്യാ കുറിപ്പില്‍ ഉള്ളതായാണ് വിവരം.
കല്യാണിയുടെ ഭര്‍ത്താവ് കുഞ്ഞിരാമന്‍ നായര്‍ മലയാളിയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇവരുടെ കുടുംബം ബെല്‍ത്തങ്ങാടിയിലെത്തിയത്. ഇദ്ദേഹത്തിന്റെ കേരളത്തിലെ മേല്‍വിലാസം സംബന്ധിച്ച് വ്യക്തതയില്ല.
നാടകകൃത്തും നാടന്‍ കലാ ഗവേഷകനും അധ്യാപകനുമായ ജയറാമിനു നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 26 വര്‍ഷമായി മുണ്ടാജെയില്‍ കലാകുഞ്ച് ആര്‍ട്‌സ് എന്ന പേരില്‍ സ്ഥാപനം നടത്തി വരികയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page