വാഷിംഗ്ടൺ: എപ്പോൾ വരുമെന്നോ എവിടെ പതിക്കുമെന്നോ അറിയില്ല, അടിമുടി അനിശ്ചിതത്വത്തിലാണ് കോസ്മോസ് 482 എന്ന ബഹിരാകാശ പേടകത്തിന്റെ 53 വർഷത്തിനു ശേഷമുള്ള ഭൂമിയിലേക്കുള്ള തിരിച്ചു വരവ്. 500 കിലോഗ്രാം ഭാരമുള്ള പേടകം നാളെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും. ഇവ കത്തിചാമ്പലാകുമോ അതോ ഭൂമിയിലേക്കു ഇടിച്ചിറങ്ങി നാശം സൃഷ്ടിക്കുമോയെന്ന കാര്യത്തിൽ കൃത്യമായ നിഗമനത്തിലെത്തിച്ചേരാൻ ശാസ്ത്ര ലോകത്തിന് കഴിഞ്ഞിട്ടില്ല.
1972 മാർച്ച് 31നാണ് സോവിയേറ്റ് യൂണിയൻ ശുക്രനെ ലക്ഷ്യമാക്കി കോസ്മോസ് 482 വിക്ഷേപിച്ചത്. എന്നാൽ റോക്കറ്റിന്റെ സാങ്കേതിക തകരാറുകൾ കാരണം പേടകത്തിനു ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നു പുറത്തേക്ക് കടക്കാനായില്ല. ഇതോടെ അഞ്ചു പതിറ്റാണ്ടിലേറെയായി കോസ്മോസ് 482 ഭൂമിയെ അനിയന്ത്രിതമായി ചുറ്റിക്കറങ്ങുകയായിരുന്നു. നാളെ പേടകം ഭൂമിയിലേക്കു തിരികെ എത്തും. പോളണ്ടിനു മുകളിൽ വച്ചാകും ഇതു ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുകയെന്ന് റിപ്പോർട്ടുണ്ടെങ്കിലും സ്ഥിരീകരണമില്ല.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തുമ്പോൾ ഇവ കത്തിതീരാനാണ് സാധ്യതയെന്ന് ബഹിരാകാശ ഗവേഷകർ അഭിപ്രായപ്പെടുന്നു. എന്നാൽ ശുക്രനിലെ പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാൻ കഴിയുന്ന തരത്തിൽ രൂപകൽപന ചെയ്തതാണ് പേടകമെന്നതാണ് ആശങ്കയുളവാക്കുന്ന ഘടകം. ഭൂമിയിലെ അന്തരീക്ഷത്തിലേക്കുള്ള പുനപ്രവേശനത്തെ അതിജീവിക്കാൻ ഈ സവിശേഷതകൾ പേടകത്തെ സഹായിച്ചാൽ ഇതു ഭൂമിയിലേക്കു ഇടിച്ചിറങ്ങി നാശം വിതയ്ക്കാനുള്ള സാധ്യതയുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ജലാശയത്തിൽ പതിക്കാനാണ് കൂടുതൽ സാധ്യതയെന്നു ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്.
