ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിനു പ്രതികാരമായി ഭീകരർ ചാവേർ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടർന്ന് ജമ്മുകശ്മീരിലും പഞ്ചാബിലും ജാഗ്രത കർശനമാക്കി. ഭീകരസംഘടനകളായ ജയ്ഷെ മുഹമ്മദും ലഷ്കറെ തൊയിബയും സുരക്ഷാ സേനയ്ക്കു നേരെ ചാവേറാക്രമണത്തിനു തയാറെടുക്കുന്നതായാണ് ഇന്റലിജൻസ് റിപ്പോർട്ട്. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ബിഹാറിൽ അതീവ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. അതിനിടെ അഹമ്മദാബാദ്, ജയ്പൂർ, കൊൽക്കത്ത സ്റ്റേഡിയങ്ങൾക്കുനേരെ ബോംബ് ഭീഷണി. ഐപിഎൽ വേദികളിൽ ബോംബ് സ്ഫോടനം നടത്തുമെന്നാണ് ഭീഷണി. എന്നാൽ പരിശോധനയിൽ സംശയാസ്പദമായി യാതൊന്നും കണ്ടെത്തിയിട്ടില്ല.
നേരത്തേ പാക്കിസ്താനിലെ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഡ്രോൺ ആക്രമണമുണ്ടായിരുന്നു. പിന്നാലെ പാക്കിസ്താൻ സൂപ്പർ ലീഗിലെ 2 മത്സരങ്ങൾ റദ്ദാക്കിയിരുന്നു.
