ന്യൂഡൽഹി: തമിഴ് ചിത്രം പൊന്നിയിൻ ശെൽവൻ 2വിലെ ഗാനം കോപ്പിയടിച്ച് സൃഷ്ടിച്ചതാണെന്ന കേസിൽ സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ 2 കോടി രൂപ കെട്ടിവയ്ക്കണമെന്ന വിധി ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. സിനിമ നിർമാതാക്കളും റഹ്മാനും ചേർന്ന് 10 ദിവസത്തിനകം പണം കെട്ടിവയ്ക്കണമെന്ന സിംഗിൾ ബെഞ്ച് വിധിയാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്.
വീര രാജ വീര… എന്ന ഗാനം അന്തരിച്ച ധ്രുപത് സംഗീതജ്ഞരായ നാസിർ ഫയാസുദ്ദീൻ ദാഗറും സഹോദരൻ സഹൈറുദ്ദീൻ ദാഗറും ചേർന്ന് ചിട്ടപ്പെടുത്തിയ ശിവസ്തുതി എന്ന ഗാനത്തിൽ നിന്ന് റഹ്മാൻ കോപ്പിയടിച്ചെന്നാണ് പരാതി. നാസിർ ഫയാസുദ്ദീൻ ദാഗറിന്റെ മകൻ ഫയാസാണ് കോടതിയെ സമീപിച്ചത്. പാട്ടിന്റെ ക്രെഡിറ്റ് ദാഗർ സഹോദരന്മാർക്കു നൽകുന്ന സ്ലൈഡ് സിനിമയുടെ ഒടിടി പ്രദർശനത്തിനൊപ്പം ചേർക്കണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതും ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിട്ടുണ്ട്.
നേരത്തേ പ്രചോദനമാണെന്ന് പറയാനാകില്ലെന്നും ചെറിയ മാറ്റമുണ്ടെങ്കിലും 2 പാട്ടുകളും ഒരു പോലെയാണെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു.
