കണ്ണൂര്‍: ബംഗ്‌ളൂരുവില്‍ നിന്നു കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന 20.226 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ഇരിക്കൂര്‍, പൈസായി, ബൈത്തുല്‍ റിസ്‌വാനിയിലെ കെ.വി റിഷാന്‍ റയീസി (25)നെയാണ് ഇരിട്ടി ഡിവൈ.എസ്.പി പി.കെ ധനഞ്ജയ ബാബുവിന്റെ നിര്‍ദ്ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ കുട്ടികൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്. കണ്ണൂര്‍ ജില്ലയില്‍ മയക്കുമരുന്നു വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായതെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ക്കു കീഴില്‍ നിരവധി ചില്ലറ വില്‍പ്പനക്കാര്‍ ഉള്ളതായി സംശയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു. ബംഗ്‌ളൂരുവില്‍ ഒരു ഗ്രാം എംഡിഎംഎയ്ക്ക് 1000 രൂപയാണ്. കേരളത്തിലെത്തുമ്പോള്‍ 5000 രൂപയാണ് വില. ഒരു ഗ്രാമിന്റെ പുറത്ത് വലിയ തുക ലാഭം ലഭിക്കുന്നതിനാല്‍ നിരവധി പേരാണ് ഈ രംഗത്തേക്ക് ആകര്‍ഷിക്കപ്പെടുന്നതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
