ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ 27 പേരെ കൊലപ്പെടുത്തിയ 4 ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണ സംഘം. ഈ നാല് ഭീകരരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ പൊലീസിനെ അറിയിക്കണമെന്നാണ് അന്വേഷണ സംഘം അഭ്യര്‍ത്ഥിക്കുന്നത്. രണ്ട് നാട്ടുകാരടക്കം ആറ് ഭീകരരാണ് പഹല്‍ഗാമില്‍ എത്തിയതെന്നാണ് വിവരം. ഇതില്‍ ആസിഫ് ഫുജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നീ മൂന്ന് ഭീകരരെ തിരിച്ചറിഞ്ഞു. ഇവരെല്ലാം പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുമായി ബന്ധമുള്ളവരാണെന്നാണ് വിവരം. കൂട്ടക്കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട തീവ്രവാദികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. പഹല്‍ഗാം, ബൈസരണ്‍, അനന്ത് നാഗ് എന്നീ മേഖലകളില്‍ വിശദമായ പരിശോധന നടക്കുകയാണ്. ലഷ്‌കര്‍ ഇ തയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ സൂത്രധാരന്‍ ലഷ്‌ക്കര്‍ ഇ ത്വയ്ബയുടെ കൊടും ഭീകരന്‍ സൈഫുള്ള കസൂരിയാണ്. പാകിസ്ഥാനില്‍ വച്ചാണ് ആക്രമണം നിയന്ത്രിച്ചതെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. സംഘത്തില്‍ അഫ്ഗാന്‍ ഭാഷയായ പഷ്‌തോ സംസാരിക്കുന്നവരുമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു. ഭീകരര്‍ക്കായി ബയ്‌സരണ്‍ വനമേഖലയില്‍ നാല് ഹെലികോപ്റ്ററുകളില്‍ സൈന്യം തെരച്ചില്‍ നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. അതേസമയം, ആക്രമണവുമായി ബന്ധമില്ലെന്ന് പാകിസ്ഥാന്‍ പ്രതികരിച്ചു. ‘മിനി സ്വിറ്റ്‌സര്‍ലന്‍ഡ്’ എന്നറിയപ്പെടുന്ന മലനിരകള്‍ നിറഞ്ഞ ബൈസരനിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തില്‍ ട്രക്കിംഗിനായി എത്തിയവര്‍ക്ക് നേരെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആക്രമണം ഉണ്ടായത്.
