കാസര്‍കോട്: മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജ് ചെയ്യാന്‍ പണം കൊടുക്കാത്ത മാതാവിനെ തലയില്‍ കല്ലു കൊണ്ടിടിച്ച് കൊല്ലാന്‍ ശ്രമം. മായിപ്പാടിയില്‍ വാടകയ്ക്ക് താമസിക്കുന്ന ദയാനന്ദന്റെ ഭാര്യ വിശാലാക്ഷി (59)യുടെ പരാതി പ്രകാരം മകന്‍ ദേവിപ്രസാദി(35)നെതിരെ വിദ്യാനഗര്‍ പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്ത് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച രാത്രി ഏഴരമണിയോടെയാണ് കേസിനാസ്പദമായ സംഭവം. മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജ് ചെയ്യാന്‍ ദേവി പ്രസാദ് മാതാവിനോട് പണം ആവശ്യപ്പെട്ടുവെങ്കിലും നല്‍കാന്‍ വിശാലാക്ഷി തയ്യാറായില്ല. തുടര്‍ന്ന് വീട്ടിനു പുറത്തിറങ്ങിയ വിശാലാക്ഷി മുറ്റത്തു നില്‍ക്കുന്നതിനിടയില്‍ പ്രകോപിതനായെത്തിയ മകന്‍ ദേവിപ്രസാദ് കല്ലുമായെത്തി തലയിലിടാന്‍ ശ്രമിക്കുകയായിരുന്നുവെന്നു വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ഒഴിഞ്ഞു മാറിയതിനാലാണ് മരണത്തില്‍ നിന്നു രക്ഷപ്പെട്ടതെന്നും കല്ലുകൊണ്ട് കണ്ണില്‍ പരിക്കേറ്റതായും കേസില്‍ പറയുന്നു. പരിക്കേറ്റ വിശാലാക്ഷി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
