കാസര്‍കോട്: കാസര്‍കോട് എം.ജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൗണ്ടര്‍ കൊള്ളയടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. ബേക്കല്‍, തായല്‍ മൗവ്വല്‍ സ്വദേശിയും പനയാല്‍ തച്ചങ്ങാട്, അരവത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ മുഹമ്മദ് സഫ്‌വാന്‍ (19) ആണ് കാസര്‍കോട് ടൗണ്‍ പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച പുലര്‍ച്ചെ 1.15ന് ആണ് എടിഎം കൗണ്ടര്‍ കൊള്ളയടിക്കാന്‍ ശ്രമിച്ചത്. മാതാവിന്റെ പേരിലുള്ള എടിഎം കാര്‍ഡ് ഉപയോഗിച്ച് 500 രൂപ പിന്‍വലിച്ച ശേഷമാണ് കൗണ്ടര്‍ തകര്‍ത്ത് പണം കൊള്ളയടിക്കാന്‍ ശ്രമിച്ചത്. അതു ഫലിക്കാതെ വന്നതോടെ ഉദ്യമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നീട് പുലര്‍ച്ചെ ഹോട്ടലില്‍ നിന്നു ദോശയും ചായയും കഴിച്ച ശേഷം നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു വൈകുന്നേരത്തോടെ കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് പരിസരത്തെ ഒരു വ്യാപാര സ്ഥാപനത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുമായി കടന്നുകളയുകയായിരുന്നു. ആലംപാടി, ദാറുല്‍ നജാക്കിലെ നൗഷാദിന്റെ ബൈക്കാണ് മോഷണം പോയത്. ഇവിടെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതിയെ വളരെ വേഗത്തില്‍ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്.
