കാസര്‍കോട്: പുത്തിഗെ പഞ്ചായത്തിലെ മുഗു, പൊന്നങ്കളയില്‍ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം; മൂന്നു പേര്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസ് പുത്തിഗെ മണ്ഡലം പ്രസിഡണ്ട് ഊജംപദവിലെ സുലൈമാ(51)നെ കാസര്‍കോട്, നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും സിപിഎം പ്രവര്‍ത്തകരായ മുഗുവിലെ നവാബ് (32), അബൂബക്കര്‍ സിദ്ദിഖ് (32), എന്നിവരെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് പൊന്നങ്കളയിലാണ് സംഭവം.

ഒരു ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മൂന്നു പേരും. അവിടെ വച്ചുണ്ടായ വാക്കു തര്‍ക്കത്തിനു ഒടുവിലാണ് സംഘട്ടനം ഉണ്ടായതെന്നു പറയുന്നു. ഗൃഹപ്രവേശന ചടങ്ങ് നടന്ന വീട്ടില്‍ വച്ച് അസഭ്യം പറയുകയും മനഃപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കുകയുമായിരുന്നുവെന്നു സുലൈമാന്‍ ആരോപിച്ചു. ഒരു ബസ് വെയ്റ്റിംഗ് ഷെഡ് തകര്‍ത്തതുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചത് ചോദ്യം ചെയ്ത വിരോധത്തില്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നു സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു.
മണ്ഡലം കമ്മിറ്റി പ്രസിഡണ്ടിനു നേരെ ഉണ്ടായ അക്രമത്തില്‍ മുസ്ലിം ലീഗ് നേതാക്കളായ അസീസ് മരിക്കെ, എ.കെ ആരിഫ്, സൈഫുള്ള തങ്ങൾ തുടങ്ങിയവര്‍ പ്രതിഷേധിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച വൈകുന്നേരം സീതാംഗോളി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് പട്രോളിംഗ് ആരംഭിച്ചതായി പൊലീസ് പറഞ്ഞു.