കാസര്‍കോട്: കുമ്പള, മാവിനക്കട്ടയില്‍ യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൃഷ്ണചെട്ടിയാര്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍ ദിനേശന്‍ (48) ആണ് മരിച്ചത്. കൃഷ്ണ ചെട്ടിയാര്‍ ഹൃദയസംബന്ധമായ അസുഖത്തിനു ശസ്ത്രക്രിയക്ക് വിധേയനായി നാലു ദിവസമായി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ദിനേശന്‍ ഒഴികെയുള്ള കുടുംബാംഗങ്ങള്‍ മംഗ്‌ളൂരുവിലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം സഹോദരന്‍ വീട്ടിലെത്തിയപ്പോള്‍ വാതില്‍ അടഞ്ഞു കിടക്കുന്നതു കണ്ടു. അകത്തു നിന്നു പൂട്ടിയിരിക്കുകയാണെന്നു ബോധ്യപ്പെട്ടതോടെ ജനല്‍ വഴി വീട്ടിനകത്തേക്ക് നോക്കി. ഈ സമയത്താണ് ദിനേശനെ വീണു കിടക്കുന്ന നിലയിലും നിലത്ത് രക്തം തളം കെട്ടിക്കിടക്കുന്നതും കണ്ടതെന്നു പറയുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് എസ്.ഐ ശ്രീജേഷും സംഘവും എത്തി വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അകത്ത് കടന്നത്. പ്രാഥമിക പരിശോധനയില്‍ തലയുടെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവ് കണ്ടെത്തി. ഈ മുറിവില്‍ കൂടി രക്തം വാര്‍ന്നൊഴുകിയതാണ് മരണ കാരണമെന്നും വീഴ്ചയിലായിരിക്കും മുറിവുണ്ടായതെന്നും സംശയിക്കുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ഭാര്യ: രജനി. മക്കള്‍: ശ്രീലക്ഷ്മി, ധനേഷ്. സഹോദരങ്ങള്‍: സുരേഷ്, രാജേഷ്.
