തൃശൂർ: അതിരപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. അതിരപ്പള്ളി വഞ്ചി കടവിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയവർക്ക് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. രാത്രിയായും തിരിച്ചെത്താത്തതിനെ തുടർന്ന് രാവിലെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. അടിച്ചിൽതൊട്ടി മേഖലയിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെ വനത്തിൽനിന്നു സെബാസ്റ്റ്യനും കൂട്ടുകാരും തേൻ ശേഖരിച്ച് തിരിച്ചുവരുമ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു.
