കണ്ണൂര്‍: വിഷു ആഘോഷത്തിനിടയില്‍ കൈയില്‍ നിന്നു പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. ഇരിട്ടി, എടക്കാനം, ചേളത്തൂരിലെ മഞ്ഞക്കാഞ്ഞിരത്തെ മീത്തല്‍പുരയില്‍ പ്രണവി(38)ന്റെ വലതു കൈപ്പത്തിയാണ് തകര്‍ന്നത്. സ്‌ഫോടന ശബ്ദവും നിലവിളിയും കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ പ്രണവിനെ ഇരിട്ടിയിലെ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അപകട സമയത്ത് കുട്ടികള്‍ വീട്ടിനു അകത്തായിരുന്നതിനാല്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഇരിട്ടി എസ്.ഐ കെ. ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തി. പ്രണവിന്റെ കൈപ്പത്തി തകരാന്‍ ഇടയാക്കിയത് ഏതു തരത്തിലുള്ള പടക്കമാണെന്നു വ്യക്തമല്ല.
ഇത്തവണ ചൈനീസ് പടക്കങ്ങളും ഫാന്‍സി പടക്കങ്ങളുമാണ് വിപണിയില്‍ ഏറ്റവും വിറ്റഴിക്കപ്പെട്ടത്.
