കോഴിക്കോട്: വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന മഹാറാലി നാളെ കോഴിക്കോട്ട് നടക്കും. വൈകുന്നേരം 3ന് കോഴിക്കോട് കടപ്പുറത്ത് പൊതുസമ്മേളനവും ഉണ്ടാകുമെന്ന് പാർട്ടി വക്താവ് പി.എം.എ. സലാം അറിയിച്ചു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പഞ്ചാബ് പിസിസി പ്രസിഡന്റ് അമരീന്ദർ സിങ് രാജാ വാറിങ് മുഖ്യാതിഥിയാകും. മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രഫ..കെ.എം.ഖാദർ മൊയ്തീൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ സംസാരിക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിനു പേർ റാലിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. റാലിയുടെ പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലങ്ങളിൽ വാഹന പര്യടനങ്ങൾ നടത്തിയിരുന്നു.
അതിനിടെ നിയമത്തെ ചോദ്യം ചെയ്ത് മുസ്ലിം ലീഗ് ഉൾപ്പെടെ സംഘടനകൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. മുസ്ലിം ലീഗും സമസ്തയും ഉൾപ്പെടെ സമർപ്പിച്ച 12 ഹർജികളാണ് ബെഞ്ചിന്റെ മുന്നിലുള്ളത്.
