കോഴിക്കോട്: അധ്യാപകര്‍ ചൂരലെടുക്കുന്നതിനും, വ്യാജ പോക്‌സോ കേസുകളിലെ പരാതികളിലും കേസെടുക്കുന്നതിന് മുമ്പ് സമഗ്രമായ പ്രാഥമികാന്വേഷണം നടത്തണമെന്നു ഡിജിപി നിര്‍ദേശിച്ചു. സംസ്ഥാനത്ത് ജില്ലാ പൊലീസ് മേധാവികള്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും(സി ഐ)ഇത് സംബന്ധിച്ച് ഡിജിപി ഷേഖ് ദര്‍വേഷ് സാഹേബ് കര്‍ശന നിര്‍ദേശം നല്‍കി.
വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ മൂലം അധ്യാപകര്‍ കള്ളക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന അവസ്ഥ കൂടിവരുന്നതിനാലാണ് പരാതികളില്‍ പ്രാഥമിക അന്വേഷണം വേണമെന്നുള്ള നിര്‍ദ്ദേശം ഡിജിപി നല്‍കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെയോ, രക്ഷിതാക്കളുടെയോ പരാതിയില്‍ 14 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. ഇതിനിടയില്‍ അറസ്റ്റ് പാടില്ല. ഡിജിപി നിര്‍ദ്ദേശിച്ചു. നേരത്തെ ഇത് സംബന്ധിച്ച് അധ്യാപകര്‍ക്കെതിരെ ആരെങ്കിലും പരാതി നല്‍കിയാല്‍ പൊലീസ് വെറുതെ കേസെടുക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി ഒരു മാസത്തിനുള്ളില്‍ പൊലീസ് മേധാവി ഉത്തരവിറക്കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിജിപി നിലപാട് വ്യക്തമാക്കി ഉത്തരവിറക്കിയിരിക്കുന്നത്.
നിലവില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണവും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതികള്‍ ലഭിച്ചാലും അധ്യാപകര്‍ക്കെതിരെ പൊലീസ് ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും, അറസ്റ്റ് രേഖപ്പെടുത്തുകയുമാണ് ചെയ്തുവരുന്നത്. കുട്ടികളായതുകൊണ്ടുതന്നെ അന്വേഷണം നടത്താറുമില്ല. പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇതിനാണ് ഡിജിപി തടയിട്ട് ഉത്തരവിറക്കിയിരിക്കുന്നത്.
ലഹരി ഉപയോഗം ചോദ്യം ചെയ്ത വൈരാഗ്യത്തില്‍ അധ്യാപകര്‍ക്കെതിരെ വിദ്യാര്‍ഥികള്‍ പൊലീസില്‍ പരാതി നല്‍കിയ സംഭവങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. ഇത് ഇപ്പോഴും ആവര്‍ത്തിക്കുകയും ചെയ്യുന്നു. ലഹരി ഉപയോഗത്തിനെതിരെ വലിയ പോരാട്ടമാണ് സംസ്ഥാനത്ത് പൊലീസും, എക്‌സൈസും ചെയ്തുകൊണ്ടിരിക്കുന്നത്. ഇതില്‍ പ്രതി ചേര്‍ക്കപ്പെട്ടവരില്‍ വിദ്യാര്‍ത്ഥികളും ഏറെയുണ്ട്. ഈയൊരു സാഹചര്യത്തില്‍ ഇത്തരം നടപടികളുടെ പേരില്‍ വ്യാജ പോക്‌സോ ഉള്‍പ്പെടെയുള്ള കേസില്‍ അധ്യാപകര്‍ പ്രതിചേര്‍ക്കുന്നതോടെ സമൂഹത്തിനുമുന്നില്‍ അധ്യാപകര്‍ കുറ്റവാളികളായി ചിത്രീകരിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. പിന്നീട് കേസ് തെളിയിക്കാന്‍ മാസങ്ങളും, വര്‍ഷങ്ങളും എടുക്കുകയും ചെയ്യുന്നു. ഇത് ഒഴിവാക്കാനാണ് പരാതികളില്‍ സമഗ്രമായി പ്രാഥമിക അന്വേഷണം നടത്താന്‍ ഡിജിപി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
