തിരുവനന്തപുരം: കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായിരുന്നവരുടെ പട്ടികയിൽ പിണറായി വിജയൻ രണ്ടാം സ്ഥാനത്തെത്തി. ഏപ്രിൽ 15 നു മുഖ്യമന്ത്രി കസേരയിൽ 3247 ദിവസം അദ്ദേഹം പൂർത്തിയാക്കിയിരിക്കുകയാണ്. 3246 ദിവസം മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെയാണ് അദ്ദേഹം മറികടന്നത്. 4009 ദിവസം മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരാണ് പട്ടികയിൽ ഒന്നാമൻ. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ വീണ്ടും തുടർഭരണം ലഭിച്ചു മുഖ്യമന്ത്രി കസേരയിലേക്കു തിരിച്ചെത്താനായാൽ നായനാരെ മറികടന്ന് പട്ടികയിൽ ഒന്നാമനാകാൻ പിണറായിക്കു കഴിയും.
നിലവിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായെന്ന റെക്കോർഡ് പിണറായി വിജയന്റെ പേരിലാണ്. 2364 ദിവസം മുഖ്യമന്ത്രിയായിരുന്ന സി. അച്ചുതമേനോന്റെ റെക്കോർഡായ 2022 ദിവസമെന്നതു നവംബർ 14നു പിണറായി മറികടന്നു.
കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം 12 പേരാണ് മുഖ്യമന്ത്രിയായിട്ടുള്ളത്.
2 തവണകളിലായി ഉമ്മൻ ചാണ്ടി 2459 ദിവസവും ഇഎംഎസ് 1818 ദിവസവും മുഖ്യമന്ത്രിയായി. 3 തവണകളിലായി 2167 ദിവസമാണ് ആന്റണി മുഖ്യമന്ത്രി സ്ഥാനം വഹിച്ചത്. വി.എസ്. അച്ചുതാനന്ദൻ 1826 ദിവസവും മുഖ്യമന്ത്രിയായി. 54 ദിവസം മാത്രം മുഖ്യമന്ത്രിയായ സി.എച്ച്. മുഹമ്മദ് കോയയാണ് ഏറ്റവും കുറഞ്ഞ കാലം ഈപദവി വഹിച്ചത്.
