കാസര്‍കോട്: മദ്യപിച്ച് ശല്യം ചെയ്യുന്നത് പരാതി പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് ബേഡകം മണ്ണടുക്ക സ്വദേശിനി രമിത(26)യെ തമിഴ് നാട് സ്വദേശി രാമാമൃതം(57) തിന്നര്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഏപ്രില്‍ എട്ടിന് നടന്ന സംഭവത്തില്‍, ശരീരത്തില്‍ അന്‍പത് ശതമാനത്തിലധികം പൊള്ളലേറ്റ ബേഡകം മണ്ണടുക്കം സ്വദേശിനി രമിത മംഗളൂരുവിലെ ആശുപത്രിയിലെ ചികില്‍സക്കിടെ ചൊവ്വാഴ്ച പുലര്‍ച്ചേയാണ് മരണത്തിന് കീഴടങ്ങിയത്. ആക്രമണം നടന്നതിന് പിന്നാലെ ഫര്‍ണിച്ചര്‍ കട നടത്തിപ്പുകാരനായ തമിഴ് നാട് ചിന്നപട്ടണം സ്വദേശി രാമാമൃതത്തെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചിരുന്നു. മദ്യപിച്ച് ശല്യം ചെയ്യുന്നതിനെ തുടര്‍ന്ന് കട ഉടമ കട ഒഴിയാന്‍ രാമാമൃത്തോട് ആവശ്യപ്പെട്ടിരുന്നു. മദ്യപിച്ചെത്തിയ രാമാമൃതം ഫര്‍ണിച്ചര്‍ ജോലിക്കായി ഉപയോഗിക്കുന്ന തിന്നര്‍ രമിതയുടെ ശരീരത്തിലൊഴിച്ചതിനുശേഷം കയ്യില്‍ കരുതിയിരുന്ന പന്തത്തിന് തീകൊളുത്തി എറിയുകയായിരുന്നു. കെട്ടിടത്തിന് തീപിടിച്ചതാണെന്ന് കരുതി ഓടിയെത്തിയ സമീപവാസികളും സ്വകാര്യ ബസ് ജീവനക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. യുവതിക്കൊപ്പമുണ്ടായിരുന്ന എട്ടുവയസുകാരനായ മകനും സഹപാഠിയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പൊള്ളലേറ്റ രമിതയെ ആദ്യം കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും, പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇന്‍ക്വസ്റ്റ് നടപടിയ്ക്ക് ശേഷം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വച്ചാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുക. ശേഷം മൃതദേഹം നാട്ടിലെത്തിക്കും. മരണത്തെ തുടര്‍ന്ന് രാമാമൃതത്തിനെതിരെ കൊലകുറ്റത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. രാവുണ്ണിയുടെയും സുധയുടെയും മകളാണ്. പ്രവാസിയായ നന്ദകുമാര്‍ ആണ് ഭര്‍ത്താവ്. ദേവനന്ദ് ഏകമകനാണ്. രജന, രമ്യ എന്നിവര്‍ സഹോദരികളാണ്.
