ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) വായ്പ തട്ടിപ്പു കേസിലെ പ്രതിയായ രത്ന വ്യാപാരി മെഹുൽ ചോക്സിയെ ബൽജിയം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ ആവശ്യപ്രകാരമാണ് അറസ്റ്റെന്ന് ബൽജിയം സ്ഥിരീകരിച്ചു. ചോക്സിയെ കൈമാറുന്നതു സംബന്ധിച്ച് ഇന്ത്യയിൽ നിന്നു അഭ്യർഥന ലഭിച്ചിട്ടുണ്ടെന്നു ബൽജിയം വെളിപ്പെടുത്തി. ചോക്സിക്കു നിയമപരമായ സഹായം ഉറപ്പാക്കുമെന്നും ബൽജിയം അഭിപ്രായപ്പെട്ടു. ജാമ്യാപേക്ഷ ഉടൻ സമർപ്പിക്കുമെന്ന് ചോക്സിയുടെ അഭിഭാഷകൻ വിജയ് അഗർവാൾ അറിയിച്ചു. ചോക്സി അർബുദ ചികിത്സയിലാണെന്നും നിലവിലെ ആരോഗ്യനിലയിൽ വിമാനയാത്ര സാധ്യമല്ലെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും അപേക്ഷയിൽ അഭ്യർഥിക്കുമെന്നു വിജയ് പറഞ്ഞു. പിഎൻബി ഉൾപ്പെടെ ബാങ്കുകളിൽ നിന്ന് ചോക്സിയും സഹോദരീപുത്രൻ നീരവ് മോദിയും 13,500 കോടി രൂപയുടെ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ രാജ്യം വിടുകയായിരുന്നു. പിന്നീട് കരീബിയൻ ദ്വീപുരാജ്യമായ ആന്റിഗ്വയിൽ പൗരത്വമെടുത്ത ചോക്സി രക്താർബുദചികിത്സയ്ക്കായി ബൽജിയത്തിലേക്കു പോയി. ഇവിടെ നിന്ന് സ്വിറ്റ്സർലൻഡിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്. അന്വേഷണ ഏജൻസികളുടെ 7 വർഷം നീണ്ട പരിശ്രമമാണ് അറസ്റ്റിലേക്കു വഴിവച്ചത്.കേസിലെ മറ്റൊരു പ്രതിയായ നീരവ് മോദിയെ 2019ൽ സാമ്പത്തിക കുറ്റവാളിയായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ലണ്ടൻ ജയിലിൽ കഴിയുന്ന നീരവിനെ വിട്ടു കിട്ടാൻ ഇന്ത്യ ബ്രിട്ടൻ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
