ന്യൂഡൽഹി: ഭാര്യയെ കൊന്ന കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങിയ മുൻ സൈനികനെ 20 വർഷങ്ങൾക്കു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. അനിൽ കുമാർ തിവാരിയാണ്(58) മധ്യപ്രദേശിൽ നിന്നു പിടിയിലായത്. 1989ലാണ് അനിൽ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം മൃതദേഹം കത്തിച്ചത്. പിന്നാലെ ആത്മഹത്യയ്ക്കു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അറസ്റ്റിലായ അനിൽകുമാറിനു കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. അതിനിടയിൽ 2005ൽ ഡൽഹി ഹൈക്കോടതി 2 ആഴ്ചത്തെ ജാമ്യം അനുവദിച്ചു. പുറത്തിറങ്ങിയ അനിൽ കുമാർ ഒളിവിൽ പോകുകയായിരുന്നു.സൈന്യത്തിൽ ഡ്രൈവറായി സേവനമനുഷ്ഠിച്ചയാളാണ് അനിൽ. പരോളിനിറങ്ങി മുങ്ങിയതിനു പിന്നാലെ പിടിയിലാകാതിരിക്കാൻ മുൻകരുതലുകളോടെയാണ് അനിൽ നീങ്ങിയത്. മൊബൈൽ ഫോൺ ഉപയോഗിച്ചില്ല. ഒപ്പം ഇടപാടുകൾ പൂർണമായും പണം ഉപയോഗിച്ചു മാത്രമാക്കി. ജോലിയും താമസ സ്ഥലവും നിരന്തരം മാറ്റി കൊണ്ടിരുന്നു. ഒട്ടേറെ നഗരങ്ങളിൽ വിവിധ സ്ഥാപനങ്ങളിൽ ഡ്രൈവറായി ജോലി ചെയ്തു. ഇക്കാലയളവിൽ വീണ്ടും വിവാഹിതനായി. ഈ ബന്ധത്തിൽ 4 കുട്ടികളുണ്ടെന്നും അനിൽ പൊലീസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്.അനിൽ കുമാർ മുങ്ങിയതിനു പിന്നാലെ അയാളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചെങ്കിലും 2 പതിറ്റാണ്ടുകൾക്കു ശേഷമാണ് അറസ്റ്റ് ചെയ്യാനായത്. ശനിയാഴ്ച മധ്യപ്രദേശിലെ സ്വന്തം ഗ്രാമത്തിൽ ഇയാൾ എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലാണ് ഫലം കണ്ടത്.
