ബംഗളൂരു: കുടുംബ വഴക്കിൽ മാധ്യമ ശ്രദ്ധ നേടാൻ കർണാടക രാജ്ഭവനു സമീപം ആത്മഹത്യാ നാടകവുമായി യുവാവ്. ഹുബ്ബള്ളി സ്വദേശിയായ സുഹൈൽ അഹമ്മദാണ് കൃത്യത്തിനു പിന്നിൽ. രാജ്ഭവനിൽ ഞായറാഴ്ച വൈകുന്നേരം രാഷ്ട്രീയ നേതാക്കളുടെ വാർത്താ സമ്മേളനം നടക്കുന്നതിനിടെയാണ് സംഭവം. ഇവിടേക്ക് എത്തിയ സുഹൈൽ സ്വന്തം ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു. ഇതോടെ ഇയാളെ പിടികൂടിയ മാധ്യമ പ്രവർത്തകർ പെട്രോളിന്റെ കുപ്പി പിടിച്ചു വാങ്ങി. എന്നാൽ തീപ്പെട്ടിയെ ലൈറ്ററോ ഇയാളുടെ പക്കൽ ഉണ്ടായിരുന്നില്ല. സുഹൈലിന്റെ ദേഹത്തിലേക്കു വെള്ളം ഒഴിച്ച ശേഷം പൊലീസിനു കൈമാറി. പൊതുസ്ഥലത്ത് ശല്യം ഉണ്ടാക്കിയതിനു ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.ഭാര്യയിൽ നിന്നു മർദനമേറ്റ് താൻ ആശുപത്രിയിൽ ചികിത്സ തേടിയതായും ഇതു സംബന്ധിച്ച് മാധ്യമങ്ങളുടെ ശ്രദ്ധ നേടാനാണ് ആത്മഹത്യ നാടകം നടത്തിയതെന്നും ഇയാൾ പറഞ്ഞു. എന്നാൽ മർദിച്ചെന്ന ഭാര്യയുടെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നതായി പൊലീസ് വ്യക്തമാക്കി. ഹുബ്ബള്ളിയിലെ സ്വകാര്യ കമ്പനിയിലെ എൻജിനീയറാണ് സുഹൈൽ. ഇയാളുടെ ഭാര്യ ചിക്കബല്ലാപുരയിലാണ് താമസിക്കുന്നത്.
