ആലപ്പുഴ: സിപിഐയ്ക്കെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിപിഐയ്ക്ക് കാഴ്ചപ്പാടല്ല, ആഴ്ചപ്പാടാണെന്നും ഓരോ ആഴ്ചയും നിലപാട് മാറി കൊണ്ടിരിക്കുകയാണെന്നും സതീശൻ പരിഹസിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്കു എതിരായ മാസപ്പടി കേസിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം ..വീണക്കെതിരായ കേസ് രാഷ്ട്രീയ കേസല്ലെന്നും അതിനാൽ മകളുടെ കാര്യത്തിൽ ഒപ്പമില്ലെന്നുമാണ് ബിനോയ് വിശ്വം പറഞ്ഞത്.
എന്നാൽ ബിനോയ് വിശ്വത്തിന്റെ നിലപാട് എത്ര ദിവസം നിലനിൽക്കുമെന്ന് കണ്ടറിയാമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പൊതു സമൂഹത്തിൽ ഒറ്റപ്പെട്ടു പോകുന്നതു കൊണ്ടാണ് വീണയ്ക്കെതിരായ കേസിൽ സിപിഐ വ്യത്യസ്ത നിലപാട് സ്വീകരിച്ചത്. നേരത്തേ സ്വീകരിച്ച നിലപാട് സിപിഐ തിരുത്തുകയായിരുന്നു. പാർട്ടിയിലും മുന്നണിയിലും അസ്വസ്തതകൾ പുകയുന്നതിന്റെ സൂചനയാണിത്. പിണറായി വിജയനെ ഭയന്ന് സിപിഎം നേതാക്കൾ വീണയ്ക്കു മത്സരിച്ചു പിന്തുണ നൽകുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
മകൾക്കെതിരായ കേസിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന നിലപാടാണ് പ്രതിപക്ഷത്തിന്. സിപിഐയും സമാന നിലപാട് സ്വീകരിച്ചാൽ പിന്തുണയ്ക്കുമെന്നു അദ്ദേഹം പറഞ്ഞു.
